ന്യൂഡൽഹി: തിങ്കളാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയത്. താജ്‌മഹലും സബർമതി ആശ്രമവുമൊക്കെ അദ്ദേഹം സന്ദർശിച്ചു, നിർണായക കരാറുകളിൽ ഒപ്പിട്ടു. എന്നാൽ ഇന്ത്യയിലെത്തിയ തങ്ങളുടെ പ്രസിഡന്റിന്റെ സുഖവിവരങ്ങളെപ്പറ്റിയായിരുന്നില്ല അമേരിക്കക്കാർക്ക് അറിയേണ്ടത്. അവർ ഗൂഗിളിൽ തപ്പിയത് രസകരമായ മറ്റൊരു കാര്യമാണ്.
എന്താണ് ഇന്ത്യ?, എവിടെയാണ് ഇന്ത്യ? എന്നീ കാര്യങ്ങളാണ് അമേരിക്കക്കാർ ഗൂഗിളിൽ തപ്പിക്കൊണ്ടിരുന്നത്. ട്രംപിന്റെ ഇന്ത്യ സന്ദർശനം പ്രഖ്യാപിക്കപ്പെട്ട ജനുവരി 28 മുതൽ ഇന്നലെ അദ്ദേഹം തിരിച്ച് പോകുന്നതുവരെ അവർ ഗൂഗിളിൽ ഈ കാര്യങ്ങൾ സെർച്ച് ചെയ്തുകൊണ്ടേയിരുന്നു.
അമേരിക്കയിലെ കൊളംബിയയിൽ നിന്നാണ് ഏറ്റവും കൂടുതലാളുകൾ എന്താണ് ഇന്ത്യ? എവിടെയാണ് ഇന്ത്യ? എന്ന് ഗൂഗിളിൽ തപ്പിയത്. ഈ കാര്യങ്ങൾ തപ്പിയതിൽ രണ്ടാം സ്ഥാനത്ത് ഹവായിയും മൂന്നാം സ്ഥാനത്ത് വെസ്റ്റ് വിർജീനിയയുമാണ്.