corona

ടെഹ്റാൻ: ഇറാന്റെ ആരോഗ്യവകുപ്പ് സഹമന്ത്രിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഫലം പോസറ്റീവായത്. ഇസ്ലാമിക്ക് റിപ്പബ്ളിക്കായ ഇറാനിൽ വൈറസ് പടർന്നുകൊണ്ടിരിക്കുകയാണ്.

ടെഹ്റാനിൽ തിങ്കളാഴ്ച സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ ഇടയ്ക്കിടെ ചുമച്ച് അവശനായാണ് സർക്കാർ പ്രതിനിധിയായ അലി റാബ്ബിയോടൊപ്പം ഇറാൻ സഹആരോഗ്യമന്ത്രി ഹാരിർച്ചി എത്തിയത്. പത്രസമ്മേളനത്തിൽ ക്വാമിലെ ഷൈറ്റ് ഷൈറൈൻ നഗരത്തിൽ 50 പേർ കൊറോണ വൈറസ് ബാധകാരണം മരിച്ചെന്ന ഒരു നിയമജ്ഞന്റെ വാദത്തെ എതി‌ർക്കുകയും വാദം തെളിയിച്ചാൽ മന്ത്രിസ്ഥാനം ഒഴിയാൻ തയ്യാറാണെന്നും ഹാരിർച്ചി പറയുകയും ചെയ്തിരുന്നു.

ഇറാനിലെ ദേശീയ മാദ്ധ്യമത്തിൽ സംപ്രേഷണം ചെയ്ത വീഡിയോയിൽ വൈറസ് ബാധകാരണം ആശുപത്രിയിൽ പ്രവേശിച്ച ഹാരിർച്ചി ധീരവും നിശ്ചയധാർഠ്യത്തോടെയുമാണ് പെരുമാറിയത്. " ഞാനും കൊറോണ വൈറസ് ബാധയുടെ പിടിയിലാണ്. കഴിഞ്ഞ രാത്രിമുതൽ എനിക്ക് പനി പിടിപെട്ടു, പരിശോധനയിൽ ഫലം പോസറ്റീവാണ്. സുരക്ഷിതമായ സ്ഥലത്ത് മുൻകരുതലുകളോടെ ഞാൻ ചികിത്സയിലാണ്. അന്തിമ പരിശോധനയുടെ ഫലത്തിനായി ഞാൻ കാത്തിരിക്കുകയാണ്" സ്വയം എടുത്ത വീഡിയോയിൽ ഹാരിർച്ചിയുടെ വാക്കുകൾ. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇറാൻ കൊറോണ വൈസിനെ പരാജയപ്പെടുത്തുമെന്നും എന്നാൽ അതുവരെ ഇറാൻ ജനതയോട് ജാഗ്രതപുലർത്താനും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ഹാരിർച്ചിയോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത റാബ്ബി ഇറാൻ വ്യാവസായിക മന്ത്രിയോടും മറ്റ് ഉദ്യോഗസ്ഥരോടുമൊപ്പം ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിലും പങ്കെടുത്തിരുന്നു. ഇറാനിൽ ചൊവ്വാഴ്ച മൂന്നുപേർ മരിച്ചതായും 34 പേർക്ക് വൈറസ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ ഇറാനിൽ 15 മരണവും 95 വൈവസ് ബാധിതരുമാണുള്ളത്. ഇറാനിൽ ക്വാമിലാണ് കുടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ക്വാമിൽ നിന്നും 16, ടെഹ്റാനിൽ നിന്ന് ഒൻപതും അൽബ്രോസിലും ഗിലാനിലും മസാൻടറനിലും രണ്ട് വീതവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഇറാൻ മന്ത്രിസഭയുടെ വക്താവായ കിയാനൗഷ് ജഹാൻപൗർ പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ച നഗരങ്ങൾക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ തയ്യാറല്ലെന്നും അത് പ്രാകൃതരീതിയാണെന്നും ഇറാൻ ആരോഗ്യവകുപ്പ് മന്ത്രിയായ സൈദ് നമാക്കി വ്യക്തമാക്കി. ഇറാൻ ജനത തിരിച്ചറിവുള്ളവരാണെന്നും അതിനാൽ വൈറസ് ബാധയെ പ്രതിരോധിക്കാൻ ആവശ്യമായ മുൻകരുതലുകൾ അവരെടുക്കുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.