ഭുവനേശ്വർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുൻ കരസേന ഡോക്ടർക്ക് ജീവപര്യന്തം. തെളിവുകളുടെ അടിസ്ഥാനത്തിൽ സോംനാഥ് പരീദ എന്ന 78 കാരന് ഖുർദ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ദൃക്‌സാക്ഷികളില്ല. സോംനാഥ് പരീദ ഭാര്യ ഉഷശ്രീയെ(63) 2013 ജൂൺ മൂന്നിനാണ് കൊലപ്പെടുത്തിയത്.
വിദേശത്തുള്ള മകളുടെ ഫോൺകോളാണ് പ്രതിക്ക് വിനയായത്. മകൾ വിളിച്ച് തനിക്ക് അമ്മയോട് സംസാരിക്കണമെന്ന് സോംനാഥിനോട് ആവശ്യപ്പെടുകയായിരുന്നു. രണ്ടാഴ്ചയോളം ഇയാൾ പല ഒഴിവുകഴിവു പറഞ്ഞു. സംശയം തോന്നിയ മകൾ ഒരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ ബന്ധുവിന് ഉഷശ്രീ കൊല്ലപ്പെട്ടിരിക്കാമെന്ന് സംശയം തോന്നി. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഉഷശ്രീയുടെ ബന്ധുവിന്റെ പരാതി കിട്ടിയ ഉടൻ പൊലീസ് വീട്ടിലെത്തി പരിശോധിച്ചു. പരിശോധനയിൽ 300 കഷ്‌ണങ്ങളാക്കി സ്റ്റീൽ പാത്രത്തിൽ സൂക്ഷിച്ച നിലയിൽ ഉഷശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം മുറിക്കാൻ ഉപയോഗിച്ച ആയുധവും കണ്ടെത്തി. ജൂൺ 23ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.