ന്യൂഡൽഹി : ഫെബ്രുവരി പതിനാല് പ്രണയദിനത്തിൽ ഇന്ത്യയുടെ അഭിമാനത്തിനേറ്റ ക്ഷതം മാത്രമല്ലായിരുന്നു പുൽവാമയിലെ ഭീകരാക്രമണം ഹൃദയത്തിനേറ്റ മുറിവു കൂടിയായിരുന്നു. പാകിസ്ഥാനിലെ സുരക്ഷിത കേന്ദ്രങ്ങളിലിരുന്നു മതഭ്രാന്തൻമാരുടെ തലയിൽ ജിഹാദി ആശയങ്ങൾ കുത്തിക്കയറ്റി സ്‌ഫോടക വസ്തുകൾ നൽകി അതിർത്തി കയറ്റി വിടുന്ന പാകിസ്ഥാന്റെ ക്രൂരതയ്ക്ക് തിരിച്ചടി പ്രതീക്ഷിച്ചവർക്ക് പന്ത്രണ്ട് ദിനങ്ങൾക്കപ്പുറം ഇന്ത്യൻ വ്യോമസേന മറുപടി നൽകി.
പാക് അതിർത്തിക്കുള്ളിലേക്കും ഇന്ത്യയുടെ ആകാശം നീളുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ യുദ്ധവിമാനങ്ങൾ തീതുപ്പുകയായിരുന്നു. പാക് ഭീകര പരിശീലന കേന്ദ്രങ്ങളിൽ ആയിരം കിലോയോളം ബോംബുകൾ അതും അതി ന്യൂനതമായ ലേസർ ഉപയോഗിച്ച് ലക്ഷ്യത്തിലേക്ക് കൃത്യമായി വഴികാട്ടുന്ന എസ് 2000 പ്രിസിഷൻ ഗൈഡഡ് ബോംബുകൾ വർഷിച്ച് തരിപ്പണമാക്കുകയായിരുന്നു. ബലാക്കോട്ടിലെ ഇന്ത്യൻ പ്രതകാരത്തിന് ഇന്ന് ഒരാണ്ട് തികയുകയാണ്.
ഓപ്പറേഷൻ ബന്ദർ
ബലാക്കോട്ടിലെ ഇന്ത്യൻ ദൗത്യത്തിന് ബന്ദർ (കുരങ്ങ്) ന്റെ പേര് നൽകിയാണ് നടപ്പിലാക്കിയത്. രാമായണത്തിലെ ഹനുമാൻ ലങ്കയിലേക്ക് നടത്തിയ ദൗത്യത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് ഈ പേര് നൽകിയത്. സീതാ ദേവിയെ അന്വേഷിച്ച് ലങ്കയിലെ അശോക വനത്തിലെത്തിയ ഹനുമാൻ രാക്ഷസൻമാരുടെ ബലം കൂടി പരിശോധിക്കുവാൻ തീരുമാനിച്ചു. ഇത് ലങ്കാദഹനത്തിലാണ് പര്യവസാനിച്ചത്. ഇതു പോലെ തിൻമകളുടെ അടയാളങ്ങളായ ഭീകര ക്യാമ്പുകളെ ചുട്ടെരിക്കാനുള്ള ദൗത്യത്തിന് ഓപ്പറേഷൻ ബന്ദർ എന്ന നാമം നൽകുവാനാണ് സേന ഇഷ്ടപ്പെട്ടത്.
പാകിസ്ഥാൻ നടുങ്ങി, ആദ്യം വിളിച്ചു പറഞ്ഞു
പുൽവാമയിൽ ഇന്ത്യക്കേറ്റ മുറിവിന് ഒരു തിരിച്ചടി ശരിക്കും പാകിസ്ഥാൻ പ്രതീക്ഷിച്ചിരുന്നു. കാശ്മീരിൽ ഉറി സൈനിക ക്യാമ്പുകളിൽ നടന്ന ഭീകരാക്രമണത്തിന് അതിർത്തി കടന്ന് ഇന്ത്യൻ കമാന്റോകൾ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു. ഇതു പോലൊരു ആക്രമണം മുന്നിൽ കണ്ട് പാകിസ്ഥാൻ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ കുറച്ചു കൂടി കടുത്ത മറുപടി പാകിസ്ഥാന് നൽകുവാനാണ് ഇന്ത്യ ആഗ്രഹിച്ചത്. ഒരിക്കലും മറക്കാത്ത പാഠം ഇന്ത്യൻ പോർ വിമാനങ്ങളെ അതിർത്തി ഭേദിച്ച് കയറ്റി വിട്ടുള്ള ആക്രമണം കൊണ്ട് ഉദ്ദേശിച്ചത് ഇതായിരുന്നു. ബലാക്കോട്ട് ആക്രമണം കഴിഞ്ഞു മണിക്കൂറുകൾക്കകം പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾ ബോംബ് വർഷിച്ചതായി സ്ഥിരീകരിച്ചു പ്രസ്താവന ഇറക്കി. എന്നാൽ പൈൻ മരങ്ങളിലാണ് ലക്ഷ്യം തെറ്റി ബോംബിട്ടതെന്ന തരത്തിലാണ് പാകിസ്ഥാൻ പ്രതികരിച്ചത്. എന്നാൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ ശരീര അവശിഷ്ടങ്ങൾ സ്ഥലത്തു നിന്നും മാറ്റിയും, സംഭവ സ്ഥലത്തേക്ക് മാദ്ധ്യമങ്ങളെ കയറ്റി വിടാതെയുമുള്ള പാക് അധികാരികളുടെ ശ്രമങ്ങൾക്കും ലോകം സാക്ഷിയായി.
ലോകരാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പം
മറ്റൊരു പരമാധികാര രാജ്യത്തിന്റെ അതിർത്തി കടന്ന് വ്യോമാക്രമണം നടത്തിയിട്ടും ലോക രാജ്യങ്ങൾ പാകിസ്ഥാനൊപ്പം നിന്നില്ല. ഇന്ത്യയുടെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് മനസിലാക്കിയ രാജ്യങ്ങൾ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങരുതെന്ന അഭ്യർത്ഥന മാത്രമാണ് മുന്നോട്ട് വച്ചത്. ലോക രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ ബന്ധങ്ങളുടെ ശക്തിയും ബലാക്കോട്ടിൽ പരിശോധിക്കപ്പെട്ടു എന്ന് അനുമാനിക്കാം.
പാക് അണുബോംബ് ഭീഷണി ഫലിച്ചില്ല
അണുവായുധ ശേഷി കൈവരിച്ചതിന് ശേഷം, ഇന്ത്യയെ പ്രതിരോധിക്കുവാൻ പാക് അധികാരികൾ സ്ഥിരം ഉപയോഗിക്കുന്ന പല്ലവിയാണ് യുദ്ധത്തിലേക്ക് നയിച്ചാൽ അണുബോംബ് പ്രയോഗിക്കുമെന്ന്. എന്നാൽ ബലാക്കോട്ട് ആക്രമണത്തിന് ശേഷം പാകിസ്ഥാന്റെ ആത്മവിശ്വാസം ചോരുന്ന കാഴ്ചയാണ് കണ്ടത്. തങ്ങളുടെ ഒരു ആയുധത്തിനും ഇന്ത്യയെ പിൻതിരിപ്പിക്കാൻ കഴിയില്ലെന്ന് പാകിസ്ഥാന് മനസിലാക്കി കൊടുത്ത സംഭവമായിരുന്നു ബലാക്കോട്ട് സംഭവിച്ചത്. പാക് അധീന കാശ്മീരും മറികടന്ന് ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലുള്ള സ്ഥലത്താണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. സംഭവം നടക്കുമ്പോൾ പാക് റഡാറുകളിൽ പോലും ഇന്ത്യൻ വിമാനങ്ങൾ പതിഞ്ഞിരുന്നില്ല. സാങ്കേതികമായും പാകിസ്ഥാനുമേൽ ഇന്ത്യയ്ക്ക് വിജയിക്കാനായ ദൗത്യമായിരുന്നു ഓപ്പറേഷൻ ബന്ദർ.
റാഫേൽ വന്നു ഇനി അതിർത്തി കടക്കേണ്ട
ബലാക്കോട്ടിൽ പാകിസ്ഥാൻ പാഠം പഠിച്ചു. ഇനിയൊരിക്കൽ ആ പാഠം മറന്നാൽ ഇന്ത്യൻ വിമാനങ്ങൾക്ക് അതിർത്തി കടക്കേണ്ടി വരില്ല. ബലാക്കോട്ടിൽ തീതുപ്പിയ മിറാഷ് 2000 വിമാനങ്ങളേക്കാളും വർദ്ധിത ശേഷിയുള്ള റഫേൽ വിമാനങ്ങൾ ഇന്ന് ഇന്ത്യയുടെ കൈവശമുണ്ട്. അതിർത്തി കടക്കാതെ തന്നെ പാകിസ്ഥാനിലെ ലക്ഷ്യ സ്ഥലങ്ങളിലേക്ക് ആയുധങ്ങൾ തൊടുക്കാനുള്ള ശേഷി ഈ വിമാനങ്ങൾക്കുണ്ട്.
ബലാക്കോട്ടിലെ ഇന്ത്യൻ തിരിച്ചടിക്ക് ശേഷം പാകിസ്ഥാനുമേൽ ഇന്ത്യയ്ക്കുള്ള മേൽക്കൈ ഒന്നു കൂടി വർദ്ധിച്ചതിന് ലോകം സാക്ഷ്യം വഹിച്ചു. നിഴൽ യുദ്ധത്തിന് ഇനിയും ശ്രമിച്ചാൽ മറുപടി കടുത്തതായിരിക്കുമെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു പാകിസ്ഥാന് ഇന്ത്യ നൽകിയ പാഠം.