cpim

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതിയ കർമ്മപദ്ധതി ആവിഷ്‌കരിക്കാനൊരുങ്ങി സി.പി.എം. ചട്ടപ്പടിപ്രവർത്തനമല്ല ജനങ്ങൾക്കൊപ്പം നിൽക്കുന്നുവെന്ന വിശ്വാസമാണ് ബൂത്തുതലത്തിൽ പ്രാവർത്തികമാക്കേണ്ടത് എന്നതാണ് പദ്ധതിയുടെ രത്നച്ചുരുക്കം. ഇതിനുള്ള കർമപദ്ധതികൾ തയ്യാറാക്കി താഴേത്തട്ടുവരെ എത്തിക്കാനുള്ള ശില്പശാലകൾ പാർട്ടിയിൽ ആരംഭിച്ചു കഴിഞ്ഞു.

സർക്കാരിന്റെ പദ്ധതികൾ ജനകീയമാണെന്ന ബോധം എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമമാണ് പാർട്ടിയും പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായ അംഗങ്ങളും ചെയ്യേണ്ടത്. കക്കൂസുകളുടെ നിർമാണം, വിശപ്പുരഹിത നഗരം പദ്ധതി, കുറഞ്ഞവിലയ്ക്കുള്ള ഭക്ഷണശാലകൾ എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊക്കെ ഏറ്റെടുത്ത് നടപ്പാക്കാനും വേഗത്തിൽ പൂർത്തിയാക്കാനുമുള്ള ജാഗ്രത പാർട്ടിതലത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ തലത്തിലും വേണമെന്നാണു സി.പി.എം. നിർദേശം.

ഇതുമായി ബന്ധപ്പെട്ട ശിൽപശാലകൾ മാർച്ച് ഏഴിന് ജില്ലാതലത്തിലും 15നകം ഏരിയാതലത്തിലും 31നകം പഞ്ചായത്ത് തലത്തിലും പൂർത്തിയാക്കും. വോട്ടർപട്ടിക സംബന്ധിച്ച കാര്യങ്ങളിൽ ഹൈക്കോടതി തീർപ്പ് അനുസരിച്ച് ഇടപെടാൻ സജ്ജമാകണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. പുതിയ വോട്ടർമാരെ ചേർക്കാൻ പരമ്പരാഗത രീതിയിൽനിന്നു മാറിയാണ് ഇടപെടൽ. പേരുചേർക്കാൻ സാങ്കേതിക സഹായമൊരുക്കണം. ഒരു ബൂത്തിൽ ഒരു ലാപ്പ്‌ടോപ് എങ്കിലും ഇതിന് ഉപയോഗിക്കാനാകും. അതിനു കഴിഞ്ഞില്ലെങ്കിൽ മൊബൈൽ ഫോൺ വഴിയെങ്കിലും പേരുചേർത്ത് നൽകണമെന്നാണ് നിർദേശം.