ഡൽഹിയിൽ ആസൂത്രിത ആക്രമണങ്ങൾ നടക്കുമ്പോൾ പൊലീസ് എന്തുകൊണ്ട് നിഷ്ക്രിയരായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. മുൻ യു.പി പൊലീസ് ഡയറക്ടർ ജനറൽ വിക്രം സിംഗ് ചോദിച്ചത് എന്തുകൊണ്ട് പൊലീസ് യഥാസമയം നടപടി സ്വീകരിച്ചില്ലെന്നാണ്. '1984 ലെ സിഖ് വിരുദ്ധ കലാപത്തിനു ശേഷം ഡൽഹിയിൽ ഇതുപോലൊരു അക്രമം ഉണ്ടായിട്ടില്ല. "
ആദ്യ ദിവസം വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂറി ഖാസിൽ വെച്ച് 'ദി ഹിന്ദു" ദിനപ്പത്രത്തിന്റെ റിപ്പോർട്ടറും കരാവാൽ നഗറിൽവച്ച് ഹിന്ദുസ്ഥാൻ ടൈംസിന്റെ ഫോട്ടോഗ്രാഫറും ആക്രമിക്കപ്പെട്ടു.ഫോട്ടോഗ്രാഫറെടുത്ത ആക്രമണ ദൃശ്യങ്ങൾ നശിപ്പിച്ചു. മുഖംമൂടി ധരിച്ച അക്രമികൾ വാഹനങ്ങൾക്കും കടകൾക്കും വീടുകൾക്കും നിരവധി പെട്രോൾ പമ്പുകൾക്കും തീയിട്ടു. ''ജയ് ശ്രീറാം"" വിളികളുമായി ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരെ ആക്രമിച്ചു. ഇതിന്റെ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച വനിതാ റിപ്പോർട്ടറും ആക്രമണത്തിനിരയായി. 71 ദിവസമായി സമരരംഗത്തുള്ള ഷഹീൻ ബാഗിലെ വനിതാ പ്രക്ഷോഭകരോട് സുപ്രീംകോടതി മദ്ധ്യസ്ഥ ചർച്ചയ്ക്ക് നിയോഗിച്ചവരുടെ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടതിന്റെ പിന്നാലെ ആക്രമണങ്ങൾ കെട്ടഴിച്ചുവിട്ടതിന്റെ പിന്നിലെ കുടിലബുദ്ധി ആരുടേതാണ്?
അക്രമികളുടെ കൈയിൽ കല്ലും കമ്പും ഇരുമ്പുവടികളും മാത്രമല്ല വാളുകളും പെട്രോൾ ബോംബും കൈത്തോക്കുകളുമുണ്ടായിരുന്നു. ചില വഴിയാത്രാക്കാരെയും ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരെയും തടഞ്ഞുനിറുത്തി പേരും മതവും ചോദിക്കുകയും ചിലരെ വസ്ത്രമഴിച്ച് പരിശോധിക്കുകയും ചെയ്യുകയുണ്ടായത്രേ.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തലസ്ഥാനത്ത് എത്തും മുൻപ് ഡൽഹി പൊലീസ് കോൺസ്റ്റബിളായ രത്തൻ ലാലും നാല് സിവിലിയന്മാരും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
അക്രമികൾക്ക് സംഘടിക്കാനും ആക്രമണങ്ങൾ നടത്താനും പൊലീസ് സമയം നൽകി. അക്രമം പൊട്ടിപ്പുറപ്പെട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടാണ് ഡൽഹി പൊലീസിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി ഉന്നതതലയോഗം വിളിച്ചത്. അപ്പോഴേക്കും മരണം ഏഴായി. 160 ലേറെപ്പേർക്ക് പരിക്കേറ്റു.
സാമുദായിക
ധ്രുവീകരണത്തിന് ശ്രമം
പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും എന്നതിൽ നിന്ന് മാറി സാമുദായിക ധ്രുവീകരണത്തിനാണ് ചില കേന്ദ്രങ്ങളുടെ ശ്രമം. ഗോകുൽപൂർ, മുസ്തഫാബാദ്, ബ്രഹംപൂർ,ദയാൽപൂർ, ഭജൻപൂർ എന്നിവിടങ്ങളിലേക്ക് അക്രമം വ്യാപിച്ചിരിക്കുന്നു. പൗരത്വ പ്രക്ഷോഭകരെ നീക്കം ചെയ്യാൻ ഡൽഹി പൊലീസിന് ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ 'അന്ത്യശാസനം' വന്ന് മണിക്കൂറുകൾക്കകമാണ് അക്രമങ്ങൾ അരങ്ങേറാനാരംഭിച്ചത്. അദ്ദേഹം ഡൽഹിയിലെ മോഡൽ ടൗണിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
ഹിറ്റ്ലറെ അധികാരത്തിലെത്തിച്ച നാസി പാർട്ടിയുടെ രൂപീകരണ ശതാബ്ദി ദിനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ രാഷ്ട്രത്തിന്റെ തലസ്ഥാനത്ത് അമേരിക്കൻ പ്രസിഡന്റ് എത്തിച്ചേർന്നത്. അതേദിവസം തന്നെ ഗുജറാത്തിലെ വംശഹത്യയുടെ നാളുകളെ ഓർമ്മിപ്പിക്കുന്ന അക്രമപരമ്പരകളാണ് അരങ്ങേറിയത്. ഡൽഹിയുടെ അയൽ സംസ്ഥാനങ്ങളുമായുള്ള അതിർത്തികൾ അടയ്ക്കണമെന്ന് മുഖ്യമന്ത്രി കേജ്രിവാൾ ആവശ്യപ്പെട്ടു. സംഘർഷം തടയാൻ 35 കമ്പനി കേന്ദ്രസേനയെ വിന്യസിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചത്.
ട്രംപിന്റെ വാർത്താസമ്മേളനം നടക്കുമ്പോൾ മരണം ഒമ്പത്. എട്ടുപേരുടെ നില ഗുരുതരം. റിപ്പോർട്ട് ചെയ്യാൻ പോയ മാദ്ധ്യമ പ്രവർത്തകർക്ക് അക്രമങ്ങൾ നടക്കുന്ന മേഖലകളിൽ അഞ്ചു കിലോമീറ്ററിനുള്ളിൽ ഒരു പൊലീസുകാരനെ പോലും കാണാനായില്ല. ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും അക്രമങ്ങൾ വ്യാപിക്കുകയാണ്.
അക്രമികൾ ഡൽഹിക്ക്
പുറത്തു നിന്ന്
ഡൽഹിയ്ക്ക് പുറത്തു നിന്നെത്തിച്ച അക്രമികളാണ് ആസൂത്രിത ആക്രമണങ്ങൾ നടത്തിയതെന്ന് പരാതിയുണ്ട്.. 'ട്രംപ് പോയിക്കഴിഞ്ഞ് കാട്ടിത്തരാം' എന്നായിരുന്നു ചിലയിടങ്ങളിലെ വെല്ലുവിളി. ജാഫറാബാദിൽ അക്രമികൾ ഒരു പള്ളി കത്തിച്ചു. പൊലീസിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നിടങ്ങളിൽപ്പോലും അവർ വെറും കാഴ്ചക്കാരായി. കടകമ്പോളങ്ങളെയും വീടുകളെയും അഗ്നി വിഴുങ്ങുമ്പോഴും, ആകാശം മുട്ടെ പുകയുയർന്നിട്ടും യഥാസമയത്ത് അഗ്നിശമനസേന എത്തിയില്ലെന്ന പരാതിയുണ്ട്. എന്തൊക്കെയോ മുൻകൂട്ടി നിശ്ചയിച്ചതുപോലെ കേന്ദ്ര രാഷ്ട്രീയനേതൃത്വവും അധികാരികളും നിഷ്ക്രിയത്വം പാലിച്ചു.
ബി.ജെ.പി തിരിച്ചടിച്ചതോ?
ഡൽഹിയിൽ നടക്കുന്നത് ''ആഭ്യന്തര പ്രശ്നം'' എന്നാണ് ട്രംപിന്റെ അഭിപ്രായം. അപ്പോഴേക്കും മരണം 13 ആയിരുന്നു. ഫെബ്രുവരി 26 ന് രാവിലത്തെ റിപ്പോർട്ടുകൾ പ്രകാരം 20 പേർ മരിച്ചു. 256 പേർക്ക് പരിക്കേറ്റു. 70 പേരുടെ പരിക്ക് വെടിയുണ്ടയേറ്റാണ്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരെ കാണാതായിട്ടുണ്ട്. രണ്ട് ശവശരീരങ്ങൾ മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ നിന്ന് ബന്ധുക്കൾ കണ്ടെത്തി.
അക്രമം ആരംഭിച്ച് നൂറു മണിക്കൂർ കഴിയുമ്പോഴും നൂറു പേരെ പോലും അറസ്റ്റു ചെയ്തിട്ടില്ല. ദില്ലി നിവാസികൾ സമാധാനവും സാഹോദര്യവും കാത്തു സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത് അക്രമങ്ങൾ ആരംഭിച്ച് മൂന്നാം ദിവസമാണ്. ജീവന് ഭീഷണിയുള്ളതിനാൽ പെൺകുട്ടികളുൾപ്പെടെയുള്ള നിരവധി വിദ്യാർത്ഥികളെ വിവിധ മലയാളി സംഘടനകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആയിരക്കണക്കിനാളുകൾക്ക് ജീവിതകാല സമ്പാദ്യം നഷ്ടമായി. അക്രമം ആസൂത്രിതമായിരുന്നു എന്നുറപ്പാണ്. വർഗീയവികാരം ആളിക്കത്തിക്കാനുള്ള ശ്രമത്തിന് തടയിട്ടേ മതിയാകൂ.