sharja-

ഷാർജ : പൊതു ഇടങ്ങളിൽ പ്രത്യേകിച്ച് ബസ് ഷെൽട്ടറുകളിലും, മതിലുകളിലും പരസ്യങ്ങളും, എഴുത്തുകുത്തുകളും നിറഞ്ഞ കാഴ്ച നമ്മുടെ നാട്ടിൽ എവിടെയും കാണാനാവും. ഇത്തരം കുറിപ്പുകൾ കണ്ടെത്തിയാൽ അതു പതിപ്പിച്ചയാളെ നാടുകടത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകുകയാണ് യു.എ.ഇയിലെ രണ്ടു നഗരങ്ങൾ. ഷാർജയും ദുബായിയുമാണ് അനുമതിയില്ലാതെ പരസ്യം പതിക്കുന്നവരെ പാഠം പഠിപ്പിക്കുവാൻ ഒരുങ്ങുന്നത്. നഗര സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുന്ന തരത്തിൽ പോസ്റ്ററുകൾ പതിക്കുന്നവരെയും സാമൂഹിക മൂല്യങ്ങളെ ബാധിക്കുന്ന തരത്തിൽ പരസ്യങ്ങൾ നിർമ്മിക്കുന്നവരെയും ശിക്ഷിക്കുമെന്ന മുന്നറിയിപ്പ് അധികാരികൾ പുറപ്പെടുവിച്ചു.പരസ്യങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച ചട്ടങ്ങളിൽ ദുബായ് ഭരണാധികാരി ഒപ്പുവച്ചു അംഗീകാരവും നൽകിയിട്ടുണ്ട്.


എല്ലാ പരസ്യങ്ങളും നിയമത്തിന്റെ പരിധിയിൽ വരും, സർക്കാർ വാഹനങ്ങളിലും, ഫലകങ്ങൾ എന്നിവയിലും പരസ്യങ്ങൾ പതിക്കുന്നത് കുറ്റകരമാണ്. അതേ സമയം മാദ്ധ്യമങ്ങളിലെ പരസ്യങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. പൊതു സ്ഥലങ്ങളായ കളിസ്ഥലങ്ങൾ, ബീച്ചുകൾ, പാതയോരങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കും. മുൻകൂട്ടി അനുമതി വാങ്ങിയാൽ മാത്രമേ പരസ്യങ്ങൾ നിശ്ചിത ഇടങ്ങളിൽ നൽകുവാനാവു. എന്നാൽ ചരിത്ര, പൈതൃക മേഖലകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പരസ്യം പതിക്കുന്നതിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ പിഴ ശിക്ഷയാണുള്ളത്, ആയിരം മുതൽ 15,000 ദിർഹമാണ് പിഴ. എന്നാൽ ഒരിക്കൽ ശിക്ഷിക്കപ്പെട്ടവർ വീണ്ടും സമാന കുറ്റത്തിന് പിടിക്കപ്പെട്ടാൽ 30,000 ദിർഹം വരെ പിഴയീടാക്കുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യും.

ദുബായ്ക്ക് സമാനമായി ഷാർജ പൊലീസും അനധികൃതമായി പരസ്യം പതിക്കുന്നവരെ പിടികൂടും. താമസ സൗകര്യമുണ്ടെന്ന തരത്തിൽ പൊതു ഇടങ്ങളിൽ പരസ്യം നൽകുന്നവരെ ആ നമ്പരുകളിൽ തിരിച്ചു വിളിച്ചു കണ്ടെത്തും. മുനിസിപ്പാലിറ്റിയുമായി സഹകരിച്ചാണ് പൊലീസ് നടപടികൾ സ്വീകരിക്കുന്നത്. നഗരസൗന്ദര്യം നശിപ്പിക്കുന്നവർക്ക് 4,000 ദിർഹം പിഴചുമത്തും. മുനിസിപ്പാലിറ്റിയിൽ നിന്ന് അനുമതി വാങ്ങാതെ പരസ്യം പതിപ്പിച്ച് അമ്പതോളം പേർക്ക് പിഴ ചുമത്തിയിട്ടുണ്ട്.