delhi

മുംബൈ: ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം 1984 ൽ നടന്ന സിഖ് വിരുദ്ധ കലാപത്തിന്റെ ഭീകരതയും രക്തച്ചൊരിച്ചിലും ഓർമ്മിപ്പിക്കുന്നുവെന്ന് ശിവസേന. സമാധാനത്തിന്റെ സന്ദേശവുമായി യു.എസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയിലുള്ളപ്പോൾ രാജ്യതലസ്ഥാനത്ത് നടന്ന ചോരക്കളി അപലപനീയമെന്നും ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയിൽ വ്യക്തമാക്കി.

ട്രംപിന്റെ സന്ദർശനവേളയിൽ തന്നെ ഡൽഹിയിലെ തെരുവുകൾ പുകഞ്ഞത് ഇന്ത്യയുടെ പ്രതിഛായയെ തന്നെ ബാധിച്ചു. കേന്ദ്രസർക്കാർ ക്രമസമാധാനം നിലനിർത്തുന്നതിൽ പരാജയപ്പെട്ടു എന്ന സന്ദശമാണ് ഈ സാഹചര്യത്തിൽ മനസിലാക്കാൻ കഴിയുന്നത്. തെരുവുകളിൽ കലാപകാരികൾ ദണ്ഡയും കത്തിയും വാളും കൈത്തോക്കുകളുമായി നിന്നതും റോഡുകളിൽ തളം കെട്ടിയ ചോരയും 1984 ൽ സിഖ് ജനതയെ വേട്ടയാടിയ ഭീകരചിത്രത്തിന്റെ പകർപ്പാണ്. 1984 സിഖ് വിരുദ്ധ കലാപത്തിന്റെ പേരിൽ ഇപ്പോഴും ബി.ജെ.പി കോൺഗ്രസിനെതിരെ വാളെടുക്കാറുണ്ട്. ഇന്ദിരാഗാന്ധി വധത്തെതുടർന്നുണ്ടായ കലാപത്തിൽ നൂറുകണക്കിന് സിഖ് മതസ്തർക്കാണ് പ്രാണൻ നഷ്ടമായത്.

ഡൽഹിയിൽ ഇപ്പോൾ അരങ്ങേറുന്ന കലാപം അധികാരികൾ പരിഹരിക്കേണ്ടത് അനിവാര്യമാണ്, എന്നാൽ ഭീഷണിയുടെ ഭാഷയും താക്കീതുകളുമാണ് ഭരണത്തിൽ തുടരുന്ന ബി.ജെ.പിയുടെ നേതാക്കൾക്ക് കൂടുതൽ വഴങ്ങുകയെന്നും ശിവസേന കൂട്ടിച്ചേർത്തു. സൗഹൃദത്തിന്റെയും സമധാനത്തിന്റെയും പ്രതിപുരുഷനായാണ് ട്രംപ് ഇന്ത്യയിൽ എത്തിയത് എന്നാൽ അദ്ദേഹത്തെ വരവേറ്റത് രക്തരൂക്ഷിതമായ തെരുവുകളും തലസ്ഥാനസഗരിയുടെ അലമുറയും കണ്ണീർവാതകങ്ങളുമാണ്.

'നമസ്തേ ട്രംപ്' അഹമ്മദാബാദിലും 'കലാപം' ‌ഡൽഹിയിലുമായിരുന്നു നടന്നത്, പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ട്രംപും കുടിക്കാഴ്ച നടത്തിയ സമയം തന്നെ ‌ഡൽഹി കത്തിയത് ട്രംപിന് ഭീകരമായൊരു സ്വീകരണം കൊടുത്തതിനു സമമാണെന്ന് ശിവസേന കുറ്റപ്പെടുത്തി.

24 നാണ് ട്രംപ് ഇന്ത്യാസന്ദർശനത്തിനെത്തിയത്, കലാപത്തിൽ 22 പേർക്ക് ജീവൻ നഷ്ടമായി നൂറോളം പേർക്ക് പരിക്കേറ്രു. കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തപ്പോൾ ഉണ്ടായ കലാപങ്ങൾ കൈകാര്യം ചെയ്തപ്പോൾ കാണിച്ച മിടുക്ക് എന്തുകൊണ്ട് പൗരത്വ ഭേദഗദിക്കെതിരായ സമരത്തിൽ സർക്കാർ കാണിക്കുന്നില്ലെന്ന ചോദ്യവും ശിവസേനയുടെ ഭാഗത്തുനിന്നുയർന്നു. ഷഹീൻ ബാഗ് സമരത്തിൽ പങ്കെടുക്കുന്നവരെ അനുനയിപ്പിക്കാൻ സുപ്രീംകോടതി നിയോഗിച്ച മദ്ധ്യസ്ഥരും പരാജയപ്പെട്ടിരുന്നു. ബി.ജെ.പി നേതാക്കളുടെ പ്രകോപനപരമായ ആഹ്വാനങ്ങൾ ജനങ്ങൾക്കിടയിൽ വിപരീതമായൊരു ഫലമാണ് ബി.ജെ.പിയ്ക്ക് നൽകുകയെന്നും അതിന്റെ ഭവിഷ്യത്താണ് മഹാരാഷ്ട്രയിൽ ശിവസേനയും, എൻ.സി.പിയും, കോൺഗ്രസും ചേർന്ന് നൽകിയതെന്നും ശിവസേന വ്യക്തമാക്കി.