kannur-crime

കണ്ണൂർ: കണ്ണൂർ താവക്കരയിൽ വ്യാപാരിയെ ലക്ഷ്യം വയ്‌ക്കാനെത്തിയ സംഘത്തെ പൊലീസ് പിടികൂടിയത് നാടകീയമായി. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. പണം ഇടപാട് സംബന്ധിച്ച് സ്ഥലത്തെ ഒരു വ്യാപാരിയെ ആക്രമിക്കാനായി കൊട്ടേഷൻ സംഘം എത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ തെറ്റിദ്ധരിപ്പിക്കാനായി അക്രമികൾ അടുത്തുള്ള മുസ്ളീം പള്ളിക്കരികിലെത്തി 'ബോലാ തക്‌ബീർ' വിളിക്കുകയായിരുന്നു. ഇതോടെ കേട്ടു നിന്നവരിൽ ചിലർ അത് ഏറ്റുവിളിക്കുകയുമായിരുന്നു. തുടർന്ന് ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

പൊലീസിനെ കയ്യേറ്റം ചെയ്‌ത് രക്ഷപ്പെടാൻ ശ്രമിക്കവെ, കൂടുതൽ പൊലീസ് എത്തിയാണ് അക്രമികളെ പിടികൂടിയത്. പൊലീസിനെ കയ്യേറ്റം ചെയ്‌തതിനും, വാഹനങ്ങൾ നശിപ്പിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. പുതിയതെരുവ് ഷെമീം, നൗഫൽ, വിഷ്‌ണു എന്നിവരാണ് അറസ്‌റ്റിലായത്. ഇതിൽ ഷെമീം ക്രിമിനിൽ പശ്ചാത്തലമുള്ളയാളും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളുമാണ്.