കോട്ട: രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ കോട്ട-ദൗസ ഹൈവേയിൽ വിവാഹ ആഘോഷത്തിന് പോയ സ്വകാര്യ ബസ് നദിയിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 25 പേർ മരിച്ചു.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിവാഹ ആഘോഷത്തിനായി പുറപ്പെട്ട 28 പേർ അടങ്ങുന്ന സംഘമാണ് അപകടം സംഭവിച്ച ബസിലുണ്ടായിരുന്നത്. പുലർച്ചെ മാധോപുരിൽ നിന്ന് കോട്ടയിലേക്കാണ് ബസ് യാത്ര തിരിച്ചത്. പാപ്ഡി ഗ്രാമത്തിനടുത്തുള്ള പാലത്തിൽ കയറിയപ്പോൾ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബസ് നദിയിലേക്ക് മറിയുകയുമായിരുന്നു. ലാക്ഹേരി പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് അപകടം സംഭവിച്ചതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. പാലത്തിന് സുരക്ഷാവേലികൾ ഇല്ലായിരുന്നു ,13 പേർ സംഭവസ്ഥലത്തും 10 പേർ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയും മരിച്ചു.
മരിച്ചതിൽ 11 പുരുഷൻമാരും 10 സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെ ലാക്ഹാരി ഗവൺമെന്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗരുതരപരിക്കുള്ളവരെ കോട്ടയിലെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് എന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അനുശോചനം രേഖപ്പെടുത്തി." ബുണ്ടിയിൽ മെജ് നദിയിലേക്ക് ബസ് മറിഞ്ഞ് 25 പേർക്ക് ജീവൻ നഷ്ടമായ അപകടത്തിൽ ഖേദമുണ്ട്. മരണപ്പെട്ടവർക്കായി അനുശോചനം രേഖപ്പെടുത്തുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം നൽകുന്ന വേർപാട് സഹിക്കാൻ അവരുടെ കുടുംബത്തിന് സർവ്വേശ്വരൻ ശക്തി നൽകട്ടെ. അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു". രാജസ്ഥാൻ മുഖ്യമന്ത്രി ട്വിറ്ററിൽ പറഞ്ഞു.