ടെഹ്റാൻ: ഇറാനിലെ ആരോഗ്യ സഹമന്ത്രി ഇറാജ് ഹറിർചിക്കിക്കും പാർലമെന്റ് അംഗമായ മഹ്‌മൂദ് സദേഗിക്കും കോവിഡ് -19 സ്ഥിരീകരിച്ചു. തന്റെ രോഗാവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ ഇറാജ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. തനിക്ക് കോവിഡ് 19 ബാധിച്ചെന്നും ഇനിയും ഈ ലോകത്ത് തുടരാനാവുമെന്നാണ് തന്റെ വിശ്വാസമെന്നും മഹ്‌മൂദ് ട്വിറ്ററിൽ കുറിച്ചു.
കോവിഡ് - 19 ഭീഷണിയിൽ ലോകരാജ്യങ്ങൾ
ചൈനയ്‍ക്ക് പുറത്ത് കോവിഡ് -19 ബാധിച്ച് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ഇറാനിലും ദക്ഷിണ കൊറിയയിലുമാണ്. ഇറാനിൽ മരണസംഖ്യ 19ൽ എത്തി. 139പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലെ ഖ്വോം നഗരത്തിലാണ് വൈറസ് പടർന്നുപിടിക്കുന്നത്. കൊറിയയിൽ ഇന്നലെ വരെ 12പേർ മരിച്ചു. ആകെ 1,261പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ബഹ്‍റൈനിൽ ഒമ്പത് പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു.ഒമാനിൽ വൈറസ് ബാധിതരുടെ എണ്ണം നാലായെന്നും രാജ്യം അതീവ ജാഗ്രതയിലാണെന്നും ഒമാനി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. മലയാളി പ്രവാസികൾ ഏറെയുള്ള രാജ്യമാണ് ഒമാൻ. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടുപേർ ഇറാനിൽ നിന്ന് എത്തിയ ഒമാൻ സ്വദേശികളാണ്. ഇതോടെ രാജ്യത്ത് ഇതുവരെ 17 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ബ്രസീൽ, അൾജീരിയ, സ്വിറ്റ്സർലാൻഡ്, ഇറാക്ക്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലും കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ മരണസംഖ്യ 2,750ൽ എത്തി. വൈറസ് ബാധിതരുടെ എണ്ണം 77,658 ആയി.അതേസമയം, രോഗബാധയെ നേരിടുന്നതിനാവശ്യമായ വൈദ്യസഹായം നൽകാനായി ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം ചൈനയിലേക്ക് പുറപ്പെട്ടു. ചൈനയുടെ ആവശ്യപ്രകാരമാണ് വിമാനം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലേക്കും അയൽ രാജ്യങ്ങളിലേക്കും മടങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ഈ വിമാനത്തിൽ ഡൽഹിയിലെത്തിക്കും.