delhi-

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിൽ ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹെെക്കോടതി. കേസ് നാളത്തേക്ക് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടെങ്കിലും രൂക്ഷ വിമര്‍ശനമായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗം കേട്ടില്ലെന്നു പറഞ്ഞ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കായി തുറന്ന കോടതിയില്‍ പ്രസംഗം കേള്‍പ്പിച്ചു. പരസ്യമായി വിദ്വേഷ പ്രസംഗം നടത്തുന്ന നേതാക്കളുടെ വീഡിയോ തങ്ങളെല്ലാം കണ്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു.

ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളെക്കുറിച്ച് അറിയില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രസംഗം കണ്ടിട്ടില്ലെന്നായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി. ആയിരങ്ങള്‍ കണ്ടു, ജനങ്ങള്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു, എന്നിട്ടും നിങ്ങള്‍ കണ്ടില്ലേയെന്നു ചോദിച്ചാണ് ജസ്റ്റിസ് എസ് മുരളീധരന്‍ തുറന്ന കോടതിയില്‍ വീഡിയോ പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ടത്.

ഡല്‍ഹിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. കലാപത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്. അഡ്വ. സുബൈദ ബീഗത്തിനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. കലാപത്തിന്റെ ഇരകള്‍ക്ക് ഏത് സമയത്തും അമിക്കസ് ക്യൂറിക്ക് മുന്നില്‍ പരാതി പറയാന്‍ അവകാശമുണ്ടായിരിക്കും. കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് ശേഷമാണ് ഡൽഹിയില്‍ വര്‍ഗീയ കലാപം ആളിപ്പടര്‍ന്നത്. പൊലീസും അക്രമികളെ സഹായിച്ചുവെന്ന ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഡൽഹി ഹൈക്കോടതി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചത്. ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഡല്‍ഹി സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് മുരളീധറിന്റെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.