തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയിൽ വേറിട്ട ചോദ്യങ്ങൾകൊണ്ട് ഉദ്യോഗാർത്ഥികളെ വെള്ളംകുടിപ്പിച്ച പി.എസ്.സി വരുന്ന പരീക്ഷകളിലെല്ലാം ഇതേ രീതി തുടരുമെന്ന് അറിയുന്നു. സ്ഥിരം രീതിയിലുള്ള ചോദ്യങ്ങൾ ഒഴിവാക്കി ഉന്നതനിലവാരമുള്ള ചോദ്യങ്ങളായിരിക്കും ഉൾപ്പെടുത്തുക. ഇത് സംബന്ധിച്ചുള്ള കൂടിയാലോചന വരുന്ന കമ്മിഷൻ യോഗത്തിൽ നടക്കും. വിദഗ്ദ്ധരായ ചോദ്യകർത്താക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാനൽ രൂപീകരിച്ച് ചോദ്യബാങ്ക് തയ്യാറാക്കും. നിലവിൽ ഗെെഡുകൾ ആധാരമാക്കിയുള്ള പഠനം മാത്രമാണ് ഉദ്യോഗാർത്ഥികളിൽ നടക്കുന്നത്. ഗൈഡുകൾ പഠിക്കുകയോ കോച്ചിംഗ് സെന്ററുകളിൽ പോകുകയോ ചെയ്യുന്നവർക്ക് എളുപ്പത്തിൽ സർവീസിൽ കയറാനുമാകും.
ഈ രീതി അടിമുടി മാറ്റി ഉദ്യോഗാർത്ഥികളുടെ പരന്ന അറിവ് പ്രകടമാക്കാൻ അവസരം നൽകുന്ന ചോദ്യങ്ങളാകും ഉൾപ്പെടുത്തുക. ഉദ്യോഗാർത്ഥികളുടെ ബാഹുല്യം കൂടി കണക്കിലെടുത്താണ് കാലോചിതമായ മാറ്റം നടപ്പാക്കുന്നതെന്ന് അധികൃതർ പറയുന്നു.
സ്ഥിരം പി.എസ്.സി പരീക്ഷകളുടെ നിലവാരത്തിനും മുകളിൽ പോയതാണ് കെ.എ.എസ് ഉദ്യോഗാർത്ഥികളെ നിരാശരാക്കിയത്. ഉന്നത നിലവാരത്തിലുള്ള പരീക്ഷകൾ എഴുതി കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് പരിചയമില്ല. ഈ കുറവ് പരിഹരിക്കപ്പെടണം.
-എം.കെ. സക്കീർ, പി.എസ്.സി. ചെയർമാൻ
എൽ.ഡി, ലാസ്റ്റ് ഗ്രേഡ്
ചോദ്യങ്ങൾ കടുക്കും
കെ.എ.എസ് പ്രിലിമിനറി 3.40 ലക്ഷം പേരാണ് എഴുതിയത്. ഇതിൽ നിന്ന് 5000 പേരുടെ ലിസ്റ്റ് ആണ് ജൂണിൽ നടക്കുന്ന രണ്ടാംഘട്ട പരീക്ഷയ്ക്കായി തയ്യാറാക്കേണ്ടത്. അതിനാലാണ് നിലവാരക്കൂടുതലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്.
കൂടുതൽ പേരെഴുതുന്ന മറ്റ് പരീക്ഷകളിലും ഇതേ രീതി നടപ്പാക്കും.
ജൂൺ മാസത്തിൽ നടക്കുന്ന എൽ.ഡി. ക്ലാർക്കിന് 14 ജില്ലകളിൽനിന്നും 17,58,338 അപേക്ഷകരാണുള്ളത്. ഈ വർഷാവസാനം നടക്കുന്ന ലാസ്റ്റ് ഗ്രേഡ് പരീക്ഷയിൽ 10 ലക്ഷത്തോളം അപേക്ഷകരെയാണ് പ്രതീക്ഷിക്കുന്നത്.
എൽ.പി, യു.പി, കോളേജ് അദ്ധ്യാപക പരീക്ഷ, സിവിൽ പൊലീസ് ഓഫീസർ, സിവിൽ എക്‌സൈസ് ഓഫീസർ, എക്‌സൈസ് ഇൻസ്‌പെക്ടർ, ഫുഡ് സേഫ്റ്റി ഓഫീസർ തുടങ്ങി ലക്ഷക്കണക്കിന് പേർ എഴുതുന്ന മറ്റു പരീക്ഷകളും ഇൗ വർഷം നടക്കുന്നുണ്ട്.