kerala-agricultural-unive

തൃശൂർ: കാർഷിക സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സർവകലാശാലയിലെ ജനറൽ കൗൺസിൽ, അക്കാഡമിക് കൗൺസിൽ അംഗങ്ങൾ അറിയിച്ചു. സർവകലാശാലയിലെ ജനാധിപത്യ ഭരണസംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന വൈസ് ചാൻസലറുടെ ഏകാധിപത്യ ഭരണത്തിൽ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

28ന് ചേരുന്ന ബിരുദദാന ചടങ്ങ് സർവകലാശാലയുടെ ആക്ടിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമായതിനാലാണ് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ആക്ടനുസരിച്ച് നാല് മാസത്തിലൊരിക്കൽ വിളിച്ചു ചേർക്കേണ്ട യോഗം തോന്നുംപടി നടത്തുമെന്ന ദുർവാശിയാണ് വൈസ് ചാൻസലർക്കുള്ളതെന്ന് ജനറൽ കൗൺസിൽ അംഗങ്ങളായ ഡോ. ബി. സുമ, പി.കെ. ശ്രീകുമാർ, സി.എച്ച്. മുത്തു, വസിം ഫഹദ് എന്നിവർ ആരോപിച്ചു. കഴിഞ്ഞ മൂന്നിന് ചേർന്ന ഭരണ സമിതി യോഗത്തിന്റെ മിനുട്ട്‌സ് ഇറങ്ങുന്നത് 25നാണ്. ഭരണ സമിതി അംഗങ്ങൾ തീരുമാനിച്ച കാര്യങ്ങൾ മിനുട്ട്‌സിൽ പതിവുപോലെ വൈസ് ചാൻസലർ തിരുത്തുകയോ, വെട്ടിക്കളയുകയോ ചെയ്തു.

ആഭ്യന്തര നിയമനം, കോമൺ റേഷ്യോ എന്നിവ സംബന്ധിച്ച തീരുമാനങ്ങളാണ് അട്ടിമറിക്കപ്പെട്ടിട്ടുള്ളത്. ഇനി ഇക്കാര്യം അടുത്ത ഭരണ സമിതിയിൽ ഉന്നയിക്കാമെന്നാണ് ഭരണസമിതി അംഗങ്ങൾ പറയുന്നത്. നേരത്തെ നടന്ന യോഗങ്ങളിലെ തീരുമാനങ്ങളും വൈസ് ചാൻസലർ അട്ടിമറിക്കുന്ന സാഹചര്യമാണുളളത്. സർവകലാശാല നടത്തുന്ന ബിരുദദാന ചടങ്ങിന്റെ അംഗീകാരത്തിനായി ജനറൽ കൗൺസിൽ യോഗ നടത്തിപ്പിന്റെ ചട്ടങ്ങളും വൈസ് ചാൻസലർ അട്ടിമറിച്ചതായും അംഗങ്ങൾ പരാതിപ്പെട്ടു.