ന്യൂഡൽഹി : ഡൽഹിയിലെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സാമൂഹ്യവിരുദ്ധരും പുറത്തുനിന്നെത്തിയവരുമാണ് ഡൽഹിയിലെ അക്രമങ്ങൾക്ക് പിന്നിലെന്നും കേജ്‌രിവാൾ പറഞ്ഞു.
ഡൽഹിയിലെ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പോരടിക്കാൻ താത്പര്യമില്ല. അക്രമങ്ങൾക്കിടെ മരിച്ച ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻലാലിന്റെ കുടുംബത്തിന് ഒരു കോടി രൂപ സഹായവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും സർക്കാർ വാഗ്ദാനം ചെയ്തു.
ഡൽഹിയിൽ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ മരണം 22 ആയി. 8 പൊലീസുകാരടക്കം ഇരുന്നൂറോളം പേർക്ക് പരുക്കേറ്റു.
അതേസമയം ഡൽഹി അക്രമങ്ങൾക്ക് ആഹ്വാനം നൽകി പ്രകോപനപരമായി പ്രസംഗിച്ച ബി.ജെ.പി നേതാക്കളായ കപിൽ മിശ്ര, അനുരാഗ് താക്കൂർ, പർവേശ് വർമ, അഭയ് വർമ എന്നിവർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. രാജ്യത്ത് ‘1984’ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും സംഘർഷ ബാധിതർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പൊലീസിനെ നിശിതമായി വിമർശിച്ച കോടതി, അക്രമികള്‍ക്കെതിരെ നടപടി വൈകരുതെന്നും ഉത്തരവിട്ടു.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. എല്ലാവരും സമാധാനവും സാഹോദര്യവും നിലനിർത്തണമെന്ന് ട്വിറ്റർ സന്ദേശത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മിഷണറായി എസ്.എൻ.ശ്രീവാസ്തവയെ നിയമിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ചുമതല നൽകിയിട്ടുണ്ട്. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂവും വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.