rupee

കൊച്ചി: ധനമന്ത്രാലയത്തിൽ നിന്നോ റിസർവ് ബാങ്കിൽ നിന്നോ ഔദ്യോഗിക നിർദേശമില്ലാതിരിന്നിട്ടും പ്രമുഖ ബാങ്കുകൾ എ.ടി.എമ്മുകളിൽ നിന്ന് 2,000 രൂപാ നോട്ടുകൾ ഒഴിവാക്കുന്നു. പകരം, 500, 200, 100 രൂപാ നോട്ടുകൾ എ.ടി.എമ്മുകളിൽ അധികമായി നിറയ്ക്കുകയാണ്. 2,000 രൂപാ നോട്ടുകളുടെ അച്ചടി നിറുത്തിയെന്ന് കഴിഞ്ഞവർഷം വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

2,000ന്റെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് മെല്ലെ പിൻവലിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്ന് കരുതുന്നു. പൂഴ്‌ത്തിവയ്പ്പ് കൂടിയതും പിടിക്കപ്പെടുന്ന വ്യാജ നോട്ടുകളിൽ മുന്തിയപങ്കും 2,000 രൂപയുടേതാണെന്നതുമാണ് കാരണം. എ.ടി.എമ്മുകളിൽ ഇനി 2,000 രൂപാ നോട്ടുകൾ നിറയ്ക്കില്ലെന്ന് പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക് വ്യക്തമാക്കിയിരുന്നു.

ഉപഭോക്താക്കളിൽ നിന്ന് ബാങ്കുകളിലെത്തുന്ന 2,000 രൂപാ നോട്ടുകൾ തിരികെ ഉപഭോക്താക്കളിലേക്ക് എത്താതിരിക്കാനും ബാങ്കുകൾ നടപടി തുടങ്ങിയെന്നാണ് അറിയുന്നത്. ഇക്കാര്യം ബാങ്കുകളോ റിസർവ് ബാങ്കോ സ്ഥിരീകരിച്ചിട്ടില്ല. 2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപാ നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെയാണ്, റിസർവ് ബാങ്ക് 2,000 രൂപാ നോട്ട് പുറത്തിറക്കിയത്. പുതിയ 500 രൂപാ നോട്ടും അവതരിപ്പിച്ചു.