ശ്രീനഗർ: ജമ്മുവിലെ ഉദംപൂർ ജില്ലയിലെ രാംനഗറിൽ പതിനൊന്നു കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് ഹിമാചൽ പ്രദേശ് ആസ്ഥാനമായുള്ള ഡിജിറ്റൽ വിഷൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന കോൾഡ് ബെസ്റ്റ് പിസി എന്ന ചുമയുടെ മരുന്നാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വിഷവസ്തുവായ ഡൈഥിലീൻ ഗ്ലൈക്കോളിൻ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തമിഴ്നാട്, ജമ്മുകാശ്മീർ, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ത്രിപുര, മേഘാലയ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സിറപ്പിന്റെ വില്പന നിറുത്തിവച്ചു. മരുന്ന് നിർമ്മാണക്കമ്പനിയുടെ ലൈസൻസ് താത്കാലികമായി റദ്ദാക്കി.
കഴിഞ്ഞ ഡിസംബറിനും ജനുവരിക്കും ഇടയിൽ മരുന്ന് കഴിച്ച 17 കുട്ടികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൃക്കസ്തംഭനത്തെ തുടർന്ന് പതിനൊന്ന് കുട്ടികൾ മരിച്ചു. ആറു കുട്ടികൾക്ക് ഗുരുതരമായ രോഗം ബാധിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ച 11 കുട്ടികളും സിറപ്പ് ഉപയോഗിച്ചതായി കണ്ടെത്തി. പരിശോധനയ്ക്കായി അയച്ച സിറപ്പിന്റെ സാംപിളുകളിൽ വിഷ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. എന്നാൽ കുട്ടികളുടെ മരണം മരുന്ന് കഴിച്ചതിനെ തുടർന്നാണെന്ന ആരോപണം ഡിജിറ്റൽ വിഷൻ ഫാർമസ്യൂട്ടിക്കൽസ് നിഷേധിച്ചു.
2019 സെപ്തംബർ മുതൽ 2020 ജനുവരി വരെ കമ്പനി 3,400 ലേറെ കുപ്പി മരുന്നു വിറ്റിരുന്നു. 5,500 കുപ്പി സിറപ്പാണ് കമ്പനി ആകെ നിർമിച്ചത്.1500 എണ്ണം വിപണിയിൽനിന്നു തിരിച്ചുവിളിച്ചു. 60 മില്ലിലീറ്ററാണ് ഒരു കുപ്പിയുടെ അളവ്. രോഗി ഒരുതവണ 5-6 മില്ലിലീറ്റർ വീതം കഴിക്കുമെന്ന് കണക്കാക്കിയാൽ പോലും 10 മുതൽ 12 വരെ ഡോസ് അകത്തു ചെല്ലുമ്പോഴേക്കും രോഗി മരിക്കാനിടയാകുമെന്നു ഹിമാചൽപ്രദേശ് ഡ്രഗ് കൺട്രോളർ നവനീത് മാർവ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരുന്നു വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായും നവനീത് അറിയിച്ചു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് രാജസ്ഥാൻ, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങൾ 2014 നും 2019 നും ഇടയിൽ ഇവരുടെ മരുന്നുകൾ നിരോധിച്ചിരുന്നു.