jail

ചങ്ങനാശ്ശേരി: കാമുകി വീഡിയോ കാളിൽ ലൈവായി നിൽക്കെ, യുവാവ് ലോഡ്‌ജ് മുറിയിൽ തൂങ്ങിമരിച്ചു. ആലപ്പുഴ വണ്ടാനം പുതുവൽ വീട്ടിൽ ഷംസുദീന്റെ മകൻ ബാദുഷ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി രണ്ടു മണിയോടെ ചങ്ങനാശേരി കവിയൂർ റോഡിലെ പൂച്ചിമുക്കിലെ ലോഡ്ജിലായിരുന്നു സംഭവം. ജീവനൊടുക്കുന്നത് ലൈവായി കണ്ട യുവതി ബാദുഷ ജോലി ചെയ്യുന്ന ജ്യൂസ് കടയുടെ ഉടമയെ അപ്പോൾ തന്നെ ഫോണിൽ വിളിച്ചറിയിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ച ശേഷം ലോഡ്ജിലെ മുറിയിലെത്തിയ ബാദുഷ കാമുകിയെ വീഡിയോ കോളിൽ വിളിക്കുകയായിരുന്നു. വഴക്കിലേക്കു നീങ്ങിയ സംഭാഷണത്തിനിടെ
ഇയാൾ മരിക്കാൻ ശ്രമിക്കുന്നതുകണ്ട യുവതി, ബാദുഷയുടെ കട ഉടമയെ പല തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എടുത്തില്ല. പുലർച്ചെ ആറു മണിയോടെയാണ് ഈ മിസ് കാളുകൾ കടയുടമ കണ്ടത്. തുടർന്ന് യുവതിയെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. ഉടൻ ലോഡ്ജിലെത്തി ജനാലയിലൂടെ നോക്കിയപ്പോൾ ബാദുഷ തൂങ്ങിമരിച്ച നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ പൊളിച്ചാണ് അകത്തു കയറിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കാരണം?

അടുത്തകാലത്ത് ചങ്ങനാശേരിയിൽ ആരംഭിച്ച ജ്യൂസ് കടയിലെ ജീവനക്കാരനാണ് ബാദുഷ. നേരത്തെ വിവാഹിതനായ ഇയാളുടെ ഭാര്യയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതിനാൽ ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. ഇതിനിടെയാണ് യുവതിയുമായി പ്രണയത്തിലായത്. എന്നാൽ ഇടയ്ക്ക് ഇരുവരും പിണങ്ങി. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.