rajanikjanth-

ചെന്നൈ : ഡൽഹിയിലെ അക്രമസംഭവങ്ങളിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി സൂപ്പർസ്റ്റാർ രജനീകാന്ത്. കലാപം നേരിടുന്നതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടതായി രജനീകാന്ത് പറ‍‍‍ഞ്ഞു. ഡൽഹി സർ‌ക്കാ‌ർ ഉരുക്കുമുഷ്ടികൊണ്ട് കലാപം അടിച്ചമർത്തണമെന്ന് രജനീകാന്ത് ആവശ്യപ്പെട്ടു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയാണ് കലാപത്തിടയാക്കിയതെന്നും രജിനീകാന്ത് കുറ്റപ്പെടുത്തി..സി.എ.എ രാജ്യത്തെ മുസ്ലിങ്ങളെ ബാധിക്കില്ലെന്നും രജനികാന്ത് പറഞ്ഞു.

അതിനിടെ ഡൽഹി കലാപത്തിലെ മരണസംഖ്യ 27 ആയി ഉയർന്നു. ഡൽഹി പൊലീസ് വാർത്താ സമ്മേളനത്തിലാണ് ഈ കണക്ക് പുറത്തുവിട്ടത്. കലാപവുമായി ബന്ധപ്പെട്ട് ആകെ 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 106 പേർ അറസ്റ്റിലായി. സംഘർഷ ബാധിത മേഖലകളിൽ പൊലീസ് വിന്യാസം വർധിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി.


കലാപങ്ങളുടെ പശ്ചാത്തലത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് ഡൽഹി ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചു.പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം വ്യാപിച്ച സാഹചര്യത്തിൽ കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതി മുറിയിൽ പ്രദര്‍ശിപ്പിച്ചു. അനുരാഗ് താക്കൂര്‍, പർവേഷ് വർമ്മ, അഭയ് വർമ്മ എന്നിവരുടെ പ്രസംഗങ്ങളും പരിശോധിച്ച് ഉചിതമായ നടപടി എടുക്കാനാണ് നിര്‍ദ്ദേശം .


കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്റെ കുടുംബത്തിന് ഡൽഹി സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.