ന്യൂഡൽഹി :ഡൽഹി കലാപത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. ഡൽഹി പൊലീസ് പി.ആർ.ഒ വാർത്താസമ്മേളനത്തിലാണ് ഈ വിരം അറിയിച്ചത്. കലാപവുമായി ബന്ധപ്പെട്ട് ആകെ 18 കേസെടുത്തതായും 106 പേർ അറസ്റ്റിലായതായും ഡൽഹി പൊലീസ് വ്യക്തമാക്കി. സംഘർഷ ബാധിത മേഖലകളിൽ പൊലീസ് വിന്യാസം വർദ്ധിപ്പിച്ചതായും ഡൽഹി പൊലീസ് അറിയിച്ചു.
അതേസമയം അക്രമസംഭവങ്ങളിൽ രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തർപ്രദേശിലെ അവരുടെ കൂട്ടാളികളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നു വിവരം. വടക്കു കിഴക്കൻ ഡൽഹിയിലെ നാസിർ, എതിരാളിയായ ഇർഫാൻ ചെന്നു എന്നിവരുടെ സംഘത്തിലുള്ള പന്ത്രണ്ടോളം പേരുടെ സാന്നിദ്ധ്യം പൊലീസ് ഉദ്യോഗസ്ഥർ അക്രമങ്ങൾക്കിടെ കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പ്, കല്ലേറ്, വാഹനങ്ങൾ കത്തിക്കൽ തുടങ്ങിയവയ്ക്കിടെ ഇവർ സുരക്ഷാ ക്യാമറകളിലും മറ്റും പതിഞ്ഞിട്ടുള്ളതായി റിപ്പോർട്ടുണ്ട്.
അക്രമം ആസൂത്രണം ചെയ്യാൻ ഉപയോഗിച്ച വാട്‍സാപ് ഗ്രൂപ്പുകളും നിരീക്ഷിച്ചുവരികയാണ്. പരിശോധനയിൽനിന്നു രക്ഷപ്പെടുന്നതിനായി അക്രമികൾ പുതിയ ഗ്രൂപ്പുകൾ ഉണ്ടാക്കിയും പഴയവ ഉപേക്ഷിച്ചുമാണു പ്രവർത്തിക്കുന്നത്. വീടുകളുടെ മുകൾ ഭാഗം, ബാൽക്കണികൾ എന്നിവിടങ്ങളിൽ സൂക്ഷിച്ച കല്ലുകളും നാടൻ ബോംബുകളും പൊലീസ് കണ്ടെത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വടക്കു കിഴക്കൻ ഡൽഹിയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ് വക്താവ് മൻദീപ് രൺധാവ പറഞ്ഞു. ദ്രുതകർമ സേന, സശസ്ത്ര സീമാബൽ, സി.ആർ.പി.എഫ് തുടങ്ങി ആവശ്യമായത്ര സേനയെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ ഉദ്യോഗസ്ഥരെയും വിന്യസിക്കുകയാണ്. ഡൽഹിയിൽ നിരീക്ഷണത്തിനായി ഡ്രോണുകൾ ഉപയോഗിക്കുമെന്നും പൊലീസ് വക്താവ് അറിയിച്ചു. ഡൽഹിയിലെ സംഭവങ്ങൾ വിശദീകരിച്ച് ചൊവ്വാഴ്ച ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോർട്ട് നൽകി