തിരുവനന്തപുരം: നിയമം ലംഘിച്ച് കെ.എസ്.ഇ.ബി സ്വകാര്യ നിലയങ്ങളിൽ നിന്നും വാങ്ങിയ വൈദ്യുതിയുടെ നഷ്ടത്തിന്റെ പേരിൽ ഉപഭോക്താക്കളിൽ അധിക ചാർജ് ഈടാക്കാനാകില്ലെന്ന് റെഗുലേറ്ററി കമ്മിഷൻ ബോർഡിനെ വീണ്ടും അറിയിച്ചു.
സ്വകാര്യ നിലയങ്ങളുമായി കെ.എസ്.ഇ.ബി ഏർപ്പെട്ട വൈദ്യുതി വാങ്ങൽ കരാർ തന്നെ അംഗീകരിക്കാനാവില്ലെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിലപാട്. ബോർഡിന് വർഷം 22.38 കോടിരൂപ നഷ്ടമുണ്ടാക്കുന്നതാണ് ഈ കരാർ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചാലേ ഈ ചെലവ് അനുവദിക്കൂവെന്നും കമ്മീഷൻ വ്യക്തമാക്കി.
കഴിഞ്ഞസർക്കാരിന്റെ കാലത്ത് 2013-14 ൽ രണ്ടുഘട്ടങ്ങളായാണ് വിവിധ കമ്പനികളുമായി 845 മെഗാവാട്ട് വൈദ്യുതിക്കുള്ള ദീർഘകാല കരാർ കെ.എസ്.ഇ.ബി ഒപ്പുവെച്ചത്. എന്നാൽ രണ്ടാംഘട്ടത്തിലെ കമ്പനികളുമായി ആദ്യഘട്ടത്തിലെ ടെൻഡറിൽ അംഗീകരിച്ചതിനെക്കാൾ കൂടുതൽ വിലയ്ക്കാണ് കരാർ ഒപ്പുവെച്ചത്. വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ച കേന്ദ്ര നിർദേശങ്ങൾക്ക് വിരുദ്ധമായിരുന്നു അത്. അതിനാൽ കമ്മീഷൻ അത് അംഗീകരിച്ചിരുന്നില്ല.
ജിൻഡാൽ ഇന്ത്യ തെർമൽ പവർ ലിമിറ്റഡ്, ജാബുവ പവർ ലിമിറ്റഡ്, ജിൻഡാൽ പവർ ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനാണ് കരാറായത്.
ഈ വർഷത്തിലെ ആദ്യമാസം സർചാർജിനായി അപേക്ഷിച്ചപ്പോൾ ബോർഡ് ഈ കരാർ പ്രകാരമുള്ള തുകയും അവകാശപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആദ്യം കരാർ അംഗീകരിക്കട്ടേയെന്ന നിലപാടാണ് റെഗുലേറ്ററി കമ്മീഷൻ എടുത്തത്. കരാർ അംഗീകരിക്കണമെന്ന് കെ.എസ്.ഇ.ബി സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി കിട്ടിയില്ലെങ്കിൽ ഈ ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ കെ.എസ്.ഇ.ബിക്ക് കഴിയില്ല. അതുവഴിയുള്ള നഷ്ടം ബോർഡ് വഹിക്കേണ്ടിവരും.