തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ലൈറ്റ് മെട്രോയെ സർക്കാർ മറന്നിട്ടില്ല. ഏറെക്കാലം മെട്രോയെക്കുറിച്ച് മിണ്ടാതിരുന്ന സർക്കാർ ഡി.പി.ആർ തയ്യാറാക്കിയതിൽ ഡി.എം.ആർ.സിക്കുള്ള കുടിശികയായ 40 ലക്ഷവും ടെക്നോപാർക്കിലേക്ക് മെട്രോ സർവീസ് നടത്താനുള്ള സാദ്ധ്യതാപഠനത്തിന് യു.എം.ടി.സിക്ക് നൽകേണ്ട 52ലക്ഷം രൂപയും അനുവദിച്ചു. ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എ.ജയതിലക് ഇത് സംബന്ധിച്ച് ഉത്തരവും ഇറക്കി. വൻ വികസനപദ്ധതികൾക്കുള്ള വാർഷിക വിഹിതത്തിൽ നിന്നാണ് ഈ തുക അനുവദിച്ചത്. അതേസമയം, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളുടെ പദ്ധതിരേഖ പുതുക്കി കേന്ദ്രത്തിന് അയയ്ക്കാനായി വേണ്ട രണ്ടുകോടി രൂപ, ഉന്നതതല സമിതി അനുവദിച്ചില്ല. മെട്രോ ടെക്നോപാർക്കിലേക്ക് നീട്ടാനുള്ള പഠനം പൂർത്തിയാക്കിയ ശേഷമേ ഡി.പി.ആർ പുതുക്കാനാവൂ.
നിറയെ യാത്രക്കാരുമായി കൊച്ചിമെട്രോ കുതിച്ചുപായുമ്പോൾ, നമ്മുടെ ട്രിവാൻഡ്രം മെട്രോ വർഷങ്ങളായി ഫയലിനുള്ളിലാണ്. 11ജില്ലകളിൽ വമ്പൻ ഭൂമിയേറ്റെടുപ്പ് വേണ്ടിവരുന്ന ഹൈസ്പീഡ് റെയിൽ പദ്ധതിക്ക് 65,000 കോടി കണ്ടെത്താൻ തീവ്രശ്രമം നടക്കുമ്പോഴും വെറും 4219 കോടിയുടെ മെട്രോയ്ക്ക് പണമില്ലെന്ന് വിലപിക്കുകയാണ് സർക്കാർ.
തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് കരമന മുതൽ ടെക്നോസിറ്റി വരെയുള്ള മെട്രോ. ഇത് ഭാവിയിൽ ആറ്റിങ്ങൽ വരെയും നെയ്യാറ്റിൻകര വരെയും നീട്ടാനാവും. കരമന-പള്ളിപ്പുറം പാതയിൽ ടെക്നോപാർക്കിനെക്കൂടി ഉൾപ്പെടുത്താനുള്ള സാദ്ധ്യതാപഠനം നടക്കുന്നതിനാൽ കേന്ദ്രത്തിലേക്ക് പദ്ധതിരേഖ ഇതുവരെ അയച്ചിട്ടില്ല. ലൈറ്റ്മെട്രോ ടെക്നോപാർക്കിലേക്ക് നീട്ടാനുള്ള പഠനത്തിന് യു.എം.ടി.സിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പ്രദേശവാസികൾക്കും ടെക്കികൾക്കും ചോദ്യാവലി നൽകി വിശദമായ പഠനമാണ് അവർ നടത്തുന്നത്. പദ്ധതി കൂടുതൽ ലാഭകരമാവുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയനാണ് ടെക്നോപാർക്കിലേക്ക് ലൈറ്റ് മെട്രോ നീട്ടാനാവുമോയെന്ന് പരിശോധിക്കാൻ നിർദ്ദേശിച്ചത്.
ടെക്നോപാർക്ക്, ഇൻഫോസിസ്, ടെക്നോപാർക്ക് ഫേസ്-3 എന്നിവിടങ്ങളിലായി 360 ഐ.ടി കമ്പനികളുണ്ട്. എല്ലായിടത്തുമായി 60,000 ടെക്കികൾ ജോലിചെയ്യുന്നു. അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരും നിരവധിയാണ്. നിലവിൽ ഒന്നരലക്ഷത്തോളം ആളുകൾ നിത്യേന കഴക്കൂട്ടത്ത് വന്നുപോകുന്നതായാണ് കണക്ക്. ടെക്നോപാർക്ക് കണക്ടിവിറ്റിയുണ്ടെങ്കിൽ ലൈറ്റ്മെട്രോ കൂടുതൽ ലാഭകരമാവും. മാത്രമല്ല ഗതാഗതക്കുരുക്കും വായുമലിനീകരണവും കുറയ്ക്കാനാകും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളിലായി നിത്യേന രണ്ടരലക്ഷം യാത്രക്കാരുണ്ടാവുമെന്നാണ് ഇ. ശ്രീധരന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതിരേഖയിലുള്ളത്. മെട്രോയ്ക്ക് തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കും കണക്ടിവിറ്റിയുണ്ട്. അതിനാൽ പാർക്കിനുള്ളിൽ സ്റ്റേഷനുണ്ടായാൽ ടെക്കികൾ മെട്രോയാത്ര പതിവാക്കുമെന്നാണ് കെ.ആർ.ടി.എൽ പ്രതീക്ഷിക്കുന്നത്.
കേന്ദ്രം റെഡി, പക്ഷേ....!
ചെറുനഗരങ്ങളിൽ മെട്രോ ഓടിക്കാൻ കേന്ദ്രസർക്കാർ മുന്തിയപരിഗണനയാണ് നൽകുന്നത്. ഇക്കൊല്ലം 210 കിലോമീറ്റർ മെട്രോലൈൻ സ്ഥാപിക്കുകയാണ് നയം. 50 നഗരങ്ങളിൽ പുതുതായി മെട്രോ ട്രെയിനുകൾ ഓടിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രോപദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഇത്രയധികം പൂർത്തീകരിച്ച മറ്റ് നഗരങ്ങൾ കുറവാണ്. ലൈറ്റ് മെട്രോയുടെ വിശദമായ പദ്ധതിരേഖയും (ഡി.പി.ആർ) പൊതുഗതാഗത നവീകരണപദ്ധതിയും ഇവിടെ തയ്യാറാണ്. ഡിപ്പോയ്ക്കും യാർഡിനുമായി സ്ഥലമേറ്റെടുത്തു. മൂന്ന് മേൽപ്പാലങ്ങളുടെ സ്ഥലമെടുപ്പ് നടപടിയായി. മേൽപ്പാല നിർമ്മാണത്തിന് 272 കോടി റെഡിയാണ്. മെട്രോയുടെ തുടർവികസനത്തിന് പണമുണ്ടാക്കാനുള്ള മാർഗങ്ങളടങ്ങിയ വികസനപദ്ധതിയും തയ്യാറാണ്. മറ്റ് നഗരങ്ങൾക്ക് ഇത്രയും നടപടി പൂർത്തിയാക്കാൻ ചുരുങ്ങിയത് ഒന്നരക്കൊല്ലമെടുക്കും.
പണത്തിന് തടസം ഉണ്ടാകില്ല
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 20%ഓഹരിക്കു പുറമേ വേണ്ട തുക വിദേശ ഏജൻസികളിൽ നിന്ന് വായ്പയെടുക്കാനാണ് ശ്രമം. 1.35 ശതമാനം പലിശയ്ക്ക് വായ്പ നൽകാൻ ഫ്രഞ്ച് ഏജൻസി തയ്യാറാണ്. ഈ വായ്പയ്ക്ക് 25 വർഷം തിരിച്ചടവും 5 വർഷം മോറട്ടോറിയവും ലഭ്യമാവും. എത്ര പണം വേണമെങ്കിലും വായ്പ നൽകാൻ ജപ്പാന്റെ ഏജൻസി ജിക്ക സന്നദ്ധമാണ്. സിഗ്നലിംഗ് അടക്കമുള്ള ചില ഉപകരണങ്ങൾ ജപ്പാനിൽ നിന്ന് വാങ്ങണമെന്നാണ് അവരുടെ വ്യവസ്ഥ. പക്ഷേ, വിദേശവായ്പയെടുക്കാൻ കേന്ദ്രസർക്കാരിന്റെ ഗാരന്റി നേടിയെടുക്കേണ്ടതുണ്ട്.