തിരുവനന്തപുരം: തെളിഞ്ഞ മനസോടും ഭക്തിയോടും വ്രതശുദ്ധിയിലും ദേവിക്ക് അർപ്പിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ക്രമീകരണങ്ങൾ 70 ശതമാനവും പൂർത്തിയായി കഴിഞ്ഞു. മാർച്ച് ഒൻപതിനാണ് പൊങ്കാല.
പത്തു ദിവസത്തെ ഉത്സവം കുംഭ മാസത്തിലെ കാർത്തിക നക്ഷത്രമായ മാർച്ച് ഒന്നിനാണ് ആരംഭിക്കുന്നത്. രാവിലെ 9.30ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. ക്ഷേത്രത്തിനു മുൻവശം കെട്ടിയ പന്തലിൽ കണ്ണകീ ചരിതം പ്രകീർത്തിച്ച് തോറ്റം പാട്ടുപാടിയാണു ദേവിയെ കുടിയിരുത്തുന്നത്. കൊടുങ്ങല്ലൂർ ഭഗവതിയെ ആവാഹിച്ചു 10 ദിവസത്തേക്ക് ആറ്റുകാലിൽ കുടിയിരുത്തുന്നതായാണ് സങ്കല്പം.
പൂരംനാളും പൗർണമിയും ചേരുന്ന പൊങ്കാല ദിവസം രാവിലെ 10.20 ന് തോറ്റം പാട്ടിൽ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിയുമ്പോൾ ശ്രീ കോവിലിൽ നിന്നു തന്ത്രി ദീപം പകർന്നു മേൽശാന്തിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പിലേക്കു പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും. പണ്ടാര അടുപ്പുകളിൽ തീ പകരുന്നതോടെ പത്ത് കിലോമീറ്ററോളം ചുറ്റളവിലുള്ള ലക്ഷക്കണക്കിന് പൊങ്കാലക്കലങ്ങളിൽ ആത്മനിർവൃതിയുടെ പുണ്യം തിളച്ചുതൂവും.
ഉച്ചയ്ക്ക് 2.10ന് പൊങ്കാല നിവേദിക്കും.രാത്രി 7.35 ന് കുത്തിയോട്ട ബാലൻമാർക്കുള്ള ചൂരൽകുത്ത് ആരംഭിക്കും. രാത്രി 10.30ന് ദേവിയെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. അടുത്ത ദിവസം പുലർച്ചെ എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8 ന് ദേവിയെ അകത്തെഴുന്നള്ളിക്കും. പതിവു പൂജകൾക്കു ശേഷം രാത്രി 9.20ന് കാപ്പഴിക്കും. രാത്രി 12.30ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിനു സമാപനമാകും.
ഉത്സവ ചടങ്ങുകൾ ഇങ്ങനെ
ഏഴാം ഉത്സവ ദിവസം ഒഴികെ എല്ലാ ദിവസവും പുലർച്ചെ 4.30ന് ദേവിയെ പള്ളിയുണർത്തും. 5ന് നിർമാല്യ ദർശനം. 5.30ന് അഭിഷേകം, 6.05ന് ദീപാരാധന, 6.40ന് ഉഷ:പൂജ, രാവിലെ 7.15ന് കളഭാഭിഷേകം, 8.30 ന് പന്തീരടി പൂജ, 11.30 ന് ഉഷ:പൂജ, ഉച്ചയ്ക്ക് 12ന് ദീപാരാധന, 12.30ന് ശ്രീബലി കഴിഞ്ഞ് അടയ്ക്കുന്ന ശ്രീകോവിൽ വൈകിട്ട് 5ന് തുറക്കും. 6.45ന് ദീപാരാധന, രാത്രി 7.15ന് ഭഗവതിസേവ, 9 ന് അത്താഴപൂജ, 9.15ന് ദീപാരാധന, 9.30ന് അത്താഴ ശ്രീബലി, 12ന് ദീപാരാധനയ്ക്കു ശേഷം ഒന്നിന് നട അടയ്ക്കും.
കുത്തിയോട്ട രജിസ്ട്രേഷൻ28 വരെ
മൂന്നാം ഉത്സവദിനമായ 3ന് രാവിവെ 9ന് കുത്തിയോട്ട വ്രതം ആരംഭിക്കും. ഇതുവരെ 800ബാലൻമാർ കുത്തിയോട്ടത്തിന് രജിസ്റ്റർ ചെയ്തു. ഈ മാസം 28വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള അവസരം.
കലാപരിപാടികളുടെ ഉദ്ഘാടനം അനു സിതാര
മാർച്ച് ഒന്നിന് വൈകിട്ട് 6.30ന് കലാപരിപാടികൾ നടി അനു സിതാര ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആറ്റുകാൽ അംബാ പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് സമ്മാനിക്കും. ഉത്സവദിവസങ്ങളിൽ ക്ഷേത്രവളപ്പിലെ അംബ, അംബിക, അംബാലിക ആഡിറ്റോറിയങ്ങളിൽ രാവിലെയും വൈകിട്ടും കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. അംബ, കാർത്തിക ആഡിറ്റോറിയങ്ങളിൽ ദിവസവും രാവിലെ 10.30 മുതൽ പ്രസാദ ഊട്ട് ആരംഭിക്കും.
ഹരിതചട്ടം നിർബന്ധം
ഇത്തവണ കർശനമായി ഹരിതചട്ടം നടപ്പാക്കാനാണ് തീരുമാനം. ഇക്കുറി മുൻ വർഷങ്ങളെക്കാളും കൂടുതൽ ഭക്തർ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പത്ത് ദിവസം നീളുന്ന ഉത്സവത്തിൽ പ്ലാസ്റ്റിക്, മറ്റ് മാലിന്യങ്ങൾ എന്നിവ കുന്നുകൂടാൻ സാദ്ധ്യത ഏറെയാണ്. ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് ക്ഷേത്രത്തിലും പരിസരത്തുമെത്തിച്ചേരുന്നവരാണ്. പൊങ്കാല അർപ്പിക്കുന്നവരും ഭക്ഷണ വിതരണം ചെയ്യുന്നവരും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കണം. മാലിന്യങ്ങൾ വലിച്ചെറിയാതെയും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിച്ചും ഹരിതചട്ടം പാലിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്.