തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കനകക്കുന്നിൽ സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന ക്ഷീര സംഗമം 2020ന്റെ ഭാഗമായി നടക്കുന്ന ഡെയറി എക്സ്പോയുടെ മൂന്നാം പതിപ്പ് കാഴ്ചക്കാർക്ക് വിസ്മയകരമായ അനുഭവമാകുന്നു. ഡെയറി എക്സ്പോയുടെ ഭാഗമായി 150 ഓളം സ്റ്റാളുകളാണ് കനകക്കുന്നിൽ ഒരുക്കിയിരിക്കുന്നത്. കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, ജയിൽ വകുപ്പ്, വനം വകുപ്പ്, ഗ്രാമീണ വികസനം, ഗ്രാമശ്രീ, കെ.എൽ.ഡി.ബി, ഫിഷറീസ്, കുടുംബശ്രീ, ക്ഷീരവികസം, ക്ഷീരകർഷക ക്ഷേമനിധി, മിൽമ മലബാർ, തിരുവനന്തപുരം, മേഖലായൂണിയനുകൾ, എം ആർഡി എഫ്, മിൽമാ ഫീഡ്സ്, കേരള ഫീഡ്സ്, ആവിൻ, അമൂൽ, ടെട്രാ പാക്ക്, ഏഷ്യൻ പാക്കിംഗ്, ഡി ലാവൽ, ഗോദ്റേജ്, മിൽക്കോ, ടി.പി.സി.ആർ.ഐ തുടങ്ങിയവയാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.
ലൈവ്സ്റ്റോക്ക്, പെറ്റ് ഷോയ്ക്ക് തിരക്ക്
ക്ഷീരസംഗമത്തോടനുബന്ധിച്ച് നടക്കുന്ന ലൈവ് സ്റ്റോക്ക് ഷോ, പെറ്റ് ഷോ എന്നീ പ്രദർശനങ്ങൾ ആസ്വദിക്കാനായി ആയിരക്കണക്കിന് പേരാണ് ദിവസവും എത്തുന്നത്. ക്ഷീരസംഗമത്തിൽ പങ്കെടുക്കുന്നവരെ കൂടാതെ പുറത്തുനിന്നുള്ളവരും പ്രദർശനം കാണാൻ എത്തുന്നുണ്ട്. വിവിധ ഇനം നാടൻ പശുക്കൾ, കാളകൾ, ആടുകൾ, നാടൻ കാർഷികോപകരണങ്ങളുടെ പ്രദർശനവും കുതിര, ഒട്ടകം, അലങ്കാര മത്സ്യങ്ങൾ, അഞ്ചടി നീളമുള്ള അരോപാമ മത്സ്യം, ഇഗ്വാന മത്സ്യം വിവിധ ഇനം ശ്വാനന്മാർ, വിവിധയിനം വളർത്തു പക്ഷികൾ എന്നിവയുടെയും പ്രദർശനമുണ്ട്. ഇന്ന് വൈകിട്ട് (27) ഡോഗ് സ്ക്വാഡിന്റെ പ്രദർശനവും നാളെ (28) വൈകിട്ട് വിവിധയിനം നായ്ക്കളുടെ പ്രദർശനവും ഉണ്ട്. പശുക്കളിൽ പ്രധാന ആകർഷണം ഗുജറാത്തിൽ നിന്നുള്ള കാങ്ക്റജ്, ഗിർ എന്നിവയാണ്. കച്ചിൽ നിന്നുള്ള കാങ്ക്റജ് ഇന്ത്യയിലെ തന്നെ വലിപ്പം കൂടിയ ജനുസുകളിലൊന്നാണ്. ഇവയെ പണിക്കും പാലിനും വേണ്ടി വളർത്തുന്നുണ്ട്. പ്രതിദിനം 4.5 മുതൽ 6.5 ലിറ്റർ പാൽ ഇവ നൽകും. ഗിർ വനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ഗിർ പശുക്കൾക്ക് 400 കിലോഗ്രാം വരെയും കാളകൾക്ക് 500 കിലോ വരെയുമാണ് ഭാരം. വലിയ തലയും തടിച്ച നെറ്റിയുമാണ് ഇവയുടെ പ്രത്യേകത. പ്രതിദിനം 6 മുതൽ 8 ലിറ്റർ വരെ പാൽ ലഭിക്കും.
കോട്ടയം ജില്ലയിലെ വെച്ചൂരിലെ പശുക്കളും പ്രദർശനത്തിനുണ്ട്. ശരാശരി 87 സെന്റിമീറ്റർ ഉയരമുള്ള ഇവ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഇനം പശുക്കളാണ്. പശുക്കൾക്ക് 130 കിലോഗ്രാമും കാളകൾക്ക് 170 കിലോഗ്രാമുമാണ് ഭാരം. പ്രതിദിനം രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ പാൽ ലഭിക്കും.കാസർകോട് ഡ്വാർഫ് പശുക്കളാണ് മറ്റൊരു ആകർഷണം. ഇവിടത്തെ മലനിരകളിൽ കാണപ്പെടുന്ന ഇവയുടെ പ്രത്യേകത കുറഞ്ഞ തീറ്റയിൽ കൂടുതൽ പാൽ നൽകുന്നു എന്നതാണ്. പ്രതിദിനം മൂന്ന് ലിറ്റർ വരെ പാൽ നൽകുന്ന ഇവ വെച്ചൂർ പശു കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെറിയ പശുവാണ്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കാണപ്പെടുന്ന ചുവന്ന സിന്ധി പശുക്കളും പ്രദർശനത്തിനുണ്ട്. ഇന്ത്യയിൽ പഞ്ചാബ്, ഒഡിഷ, ഹരിയാന എന്നിവിടങ്ങളിലും കാണപ്പെടുന്നു. പ്രതിദിനം എട്ട് ലിറ്റർ വരെ പാൽ ലഭിക്കും. പാലക്കാട് ഷൊർണൂരിനടത്തുള്ള അനങ്ങൻമലയിൽ കാണുന്ന പശുക്കൾക്ക് ചെറിയ കൊമ്പ്, ഉയരക്കുറവ്, ഉയർന്ന രോഗപ്രതിരോധ ശേഷി എന്നിവയാണ് പ്രത്യേകതകൾ. പ്രതിദിനം രണ്ട് ലിറ്റർ പാൽ ലഭിക്കും. പശുക്കളെ കൂടാതെ ലൗ ബേർഡ്സ്, വിദേശരാജ്യങ്ങളിലെ തത്തകൾ, ഉടുമ്പ് തുടങ്ങിയവയും പ്രദർശനത്തിനുണ്ട്. മേളയോടനുബന്ധിച്ച് രാമശേരി ഉൾപ്പെടെയുള്ള 14 ഫുഡ് കോർട്ടും ഉണ്ട്. പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്ക് ഇവിടെനിന്ന് രുചികരമായ നാടൻ ഭക്ഷണം ലഭിക്കും. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് പ്രവേശനം.