പാർവതി തിരുവോത്ത് സംവിധായികയാവുന്നു.
ഈ വർഷം പാർവതി സംവിധായികയുടെ കുപ്പായം അണിയുമെന്നാണ് സൂചന. സംവിധാനം പഠിക്കാൻ താരം അടുത്ത മാസം യു.എസിലേക്ക് പോവും. രണ്ടുമാസത്തെ കോഴ്സാണ്. തത്കാലം പുതിയ പ്രോജക്ടുകൾ സ്വീകരിക്കുന്നില്ല. ഒരു നവാഗത സംവിധായകന്റെ ഉൾപ്പടെ മൂന്നു പ്രോജക്ടുകളിൽനിന്ന് താരം പിൻമാറിയതായാണ് വിവരം. ഈ ചിത്രങ്ങളിലേക്ക് മറ്റു നായികമാരെ പരിഗണിക്കുന്നുണ്ട്. സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ മലയാളത്തിലെ ഒരു യുവനടൻ പ്രധാന വേഷത്തിൽ എത്തുന്നുവെന്നാണ് സൂചന. ശക്തമായ ഒരു പ്രമേയമാണ് ചിത്രത്തിന്റേത്. പോയവർഷം വൈറസ് , ഉയരെ എന്നീ ചിത്രങ്ങളിലാണ് പാർവതി അഭിനയിച്ചത്. എന്ന് നിന്റെ മൊയ് തീൻ, ചാർളി, ടേക്ക് ഒഫ് , ബാംഗ്ളൂർ ഡെയ്സ് എന്നിവയാണ് പാർവതി അഭിനയിച്ച പ്രശസ്തമായ ചിത്രങ്ങൾ. നോട്ട് ബുക്ക് എന്ന ചിത്രമാണ് പാർവതിയെ ശ്രദ്ധേയാക്കിയത്. നടി എന്നതിനേക്കാളുപരി സാമൂഹ്യ വിഷയങ്ങളിലും കൃത്യമായി ഇടപെടാറുണ്ട് പാർവതി. ഈ വർഷം ഒരു തമിഴ് സിനിമയുടെ ഭാഗമാവുന്നുണ്ട് പാർവതി. അതേസമയം സിദ്ധാർത്ഥ് ശിവയുടെ വർത്തമാനം, വേണുവിന്റെ രാച്ചിയമ്മ, അതിഥി വേഷത്തിൽ എത്തുന്ന ഹലാൽ ലവ് സ്റ്റോറി എന്നിവയാണ് പാർവതി പൂർത്തിയാക്കിയ ചിത്രങ്ങൾ.
ഈ സിനിമകളിൽ മികച്ച കഥാപാത്രങ്ങളാണ് പാർവതി അവതരിപ്പിക്കുന്നത്.വർത്തമാനവും ഹലാൽ ലവ് സ്റ്റോറിയും റിലീസിന് ഒരുങ്ങുകയാണ്.