കോഴിക്കോട്: കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞെരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ജയിൽ വാർഡൻമാരാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ജോളിയെ കണ്ടത്. തുടർന്ന് ജയില്‍ അധികൃതര്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പരിക്ക് ഗുരുതരമല്ല. ജയിലിനകത്ത് ഭിത്തിയുടെ മൂർച്ചയേറിയ ഭാഗത്ത് അമർത്തി ഉരച്ചും കടിച്ചുമാവാം മുറിവേൽപ്പിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ചില്ല് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നും സൂചനയുണ്ട്. ഞരമ്പ് മുറിക്കാന്‍ ഉപയോഗിച്ച മൂര്‍ച്ചയുള്ള വസ്തു ജോളിയുടെ കൈവശമെത്തിയത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ച് ടൈലില്‍ ഉരച്ച് വലുതാക്കിയെന്നാണ് ജോളി പൊലീസിന് നല്‍കിയ മൊഴി. കേസിൽ അറസ്റ്റിലായ ശേഷവും ജോളി ആത്മഹത്യാ പ്രവണത കാണിച്ചിരുന്നു. ജോളിയുടെ സുരക്ഷയെ മുന്‍ നിറുത്തി മറ്റ് മൂന്ന് പേര്‍ക്ക് ഒപ്പമാണ് സെല്ലില്‍ പാര്‍പ്പിച്ചിരുന്നത്.