മുറ പ്രകാരം താൻ ഡിവൈ.എസ്.പിയെയോ എസ്.പിയെയോ വിവരം അറിയിക്കേണ്ടതാണ്.
കാരണം ഇതൊരു സാധാരണ സംഭവമല്ല. പാകിസ്ഥാനിൽ ഉണ്ടാക്കിയ ബുള്ളറ്റുകൾ കേരളത്തിൽ വരണമെങ്കിൽ അതിനു തക്കതായ ഗൗരവമുണ്ട്.
കേരളവും ഭീകരരുടെ താവളം ആകുവാൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുമുണ്ട്.
ആ നിലയ്ക്ക് ഈ കേസ് 'എൻ.ഐ.എ'യോ 'റോ'യോ അന്വേഷിക്കേണ്ടി വന്നേക്കും.
സി.ഐ ഇഗ്‌നേഷ്യസ് എസ്.പിയെ വിളിക്കാൻ തന്നെ തീരുമാനിച്ചു. എന്നാൽ ആ ക്ഷണം അതിലേക്ക് ഒരു കോൾ വന്നു.
എസ്.പി കോളിംഗ് !
ഇഗ്‌നേഷ്യസിന്റെ പുരികം ചുളിഞ്ഞു.
''സാർ..." അയാൾ വേഗം അറ്റന്റു ചെയ്തു.
''ങാ. ഇഗ്‌നേഷ്യസ്." എസ്.പി.
''സാർ..."
''കാറിൽ നിന്നു ബുള്ളറ്റുകൾ കിട്ടിയ വിവരം ഞാൻ അറിഞ്ഞു. അത് എങ്ങനെയെന്നു ചിന്തിച്ച് താൻ തല പുണ്ണാക്കണ്ടാ. ഞാൻ വിളിച്ചത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്."
''സാർ..."
''ഇത് നമ്മുടെ കയ്യിൽ നിൽക്കുന്ന കേസല്ല. അറിയാമല്ലോ... അതുകൊണ്ട് ഇനിയുള്ള നീക്കങ്ങൾ സ്ട്രിക്റ്റ്ലി കോൺഫിഡൻഷ്യൽ ആയിരിക്കണം. യാതൊരു കാരണവശാലും മീഡിയക്കാർക്ക് ഈ വിവരം ചോർന്നു കിട്ടരുത്. അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. കുറ്റവാളികൾ രക്ഷപ്പെടാനും ഇടയുണ്ട്.
''സാർ. കുറ്റവാളികൾ റിമാന്റിലുണ്ടല്ലോ... അപ്പോൾ പിന്നെ..."
ഇഗ്‌നേഷ്യസ് പൂർത്തിയാക്കുവാൻ സമ്മതിച്ചില്ല എസ്.പി.
''ഞാൻ പറയുന്നത് മുഴുവൻ താൻ കേൾക്ക്. ഇപ്പോൾ കസ്റ്റഡിയിൽ ഉള്ളത് വെറും കാരിയേഴ്സ് ആണെങ്കിലോ? യഥാർത്ഥ പ്രതികൾ രാജ്യം വിട്ടെന്നിരിക്കും."
''സാർ..."
''അതുകൊണ്ട് എല്ലാം ഭദ്രമായിരിക്കട്ടെ. തന്റെ സബോഡിനേറ്റ്‌സിനോടും ഇക്കാര്യം പറയുക. ഞാൻ അങ്ങോട്ടു വരുന്നുണ്ട്. ഇന്നു രാത്രിയിലോ നാളെ രാവിലെയോ."
ഇഗ്‌നേഷ്യസ് അങ്ങോട്ട് എന്തെങ്കിലും പറയുന്നതിനു മുൻപ് കോൾ മുറിഞ്ഞു.
അല്പസമയം അങ്ങനെതന്നെ ഫോണും കയ്യിൽ വച്ചുകൊണ്ട് ഇരുന്നു സി.ഐ ഇഗ്‌നേഷ്യസ്.
ഈ സ്റ്റേഷനിൽ നിന്നുതന്നെ ആരോ എസ്.പിക്കു വിവരം നൽകിയതാണ് എന്ന കാര്യത്തിൽ അയാൾക്കു തർക്കമില്ല.
എസ്.പിയുടെ ചാരന്മാർ ഇവിടെയുണ്ട്. താൻ മീഡിയക്കാർക്കു വിവരം നൽകാൻ തീരുമാനിച്ച നിമിഷമാണ് എസ്.പി ഇങ്ങോട്ടു വിളിച്ചത്.
ബുള്ളറ്റുകൾ അടങ്ങിയ ബൽറ്റ് എടുത്ത് അയാൾ അലമാരയിൽ ഭദ്രമായി വച്ച് പൂട്ടി.
താക്കോൽ തന്റെ മേശയുടെ ഡ്രോയിലുമിട്ടു.
''ങാ. ബോബീ. തൽക്കാലം ബുള്ളറ്റിന്റെ കാര്യം പുറത്താരും അറിയണ്ടെന്ന് എസ്.പി സാർ വിളിച്ചു പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരേയും അറിയിച്ചേക്ക്."
''സാർ..."
ബോബിയുടെ കണ്ണിൽ ഉണ്ടായ തിളക്കം ഇഗ്‌നേഷ്യസ് കണ്ടില്ല.
''താൻ ക്വാർട്ടേഴ്സിലേക്കു പോകുകയാണ്. അത്യാവശ്യം ഉണ്ടെങ്കിൽ വിളിക്കണം."
ഇഗ്‌നേഷ്യസ് തൊപ്പിയെടുത്ത് തലയിൽ വച്ചു.
''സാർ."
പുറത്ത് ഇരുട്ടു പരന്നിരുന്നു.
ഇഗ്‌നേഷ്യസ് ബൊലേറോയിൽ കയറി. ഹെഡ് ലൈറ്റുകളിൽ തീ എരിയിച്ചുകൊണ്ട് അത് പാഞ്ഞുപോയി.
സമയം രാത്രി 10 മണി.
ഭക്ഷണം കഴിക്കാൻ ഭാവിക്കുകയായിരുന്നു ഇഗ്‌നേഷ്യസ്.
പെട്ടെന്ന് ജനാലയുടെ ഗ്ളാസിൽ ഒരു വെളിച്ചം പ്രതിഫലിച്ചു.
ഇഗ്‌നേഷ്യസ് തിരിഞ്ഞു നോക്കി.
ഗെയ്‌റ്റുകടന്ന് അകത്തേക്കു വരുന്ന ഒരു വാഹനം.
പോർച്ചിൽ കിടന്നിരുന്ന ബൊലേറോയ്ക്കു പിന്നിൽ അതു നിന്നു.
ഒരു റെയ്‌ഞ്ച് റോവർ കാർ!
അതിന്റെ പിൻസീറ്റിൽ നിന്ന് ഇറങ്ങിയ ആളിനെ കണ്ടപ്പോൾ സി.ഐയുടെ കണ്ണുകൾ കുറുകി.
ഷാജി ചെങ്ങറ.
''നമസ്കാരം സാർ... രാത്രിയിൽ വന്ന് ബുദ്ധിമുട്ടിക്കുകയാണ് എന്നു കരുതരുത്."
ചിരിച്ചുകൊണ്ട് ഷാജി സിറ്റൗട്ടിൽ കയറി.
ഇഗ്‌നേഷ്യസ് ചിരിച്ചില്ല.
''എന്താ കാര്യം?"
അനിഷ്ടത്തോടെ അയാൾ തിരക്കി.
''നമുക്ക് അകത്തിരുന്ന് സംസാരിച്ചാൽ പോരേ സാർ?"
ഒന്നു മൂളിക്കൊണ്ട് ഇഗ്‌നേഷ്യസ് തിരിഞ്ഞു നടന്നു. പിന്നാലെ ഷാജിയും."
''ഇരിക്ക്." സി.ഐ ചെയറിലേക്കു കൈചൂണ്ടി.
''താങ്ക്‌യൂ സാർ." ഷാജി ഇരുന്നു. പിന്നെ പെട്ടെന്നു പറഞ്ഞു. ''സാർ എനിക്ക് കുടിക്കാൻ അല്പം വെള്ളം കിട്ടുമോ?"
ഷാജിയെ ഒന്നുകൂടി സൂക്ഷിച്ചു നോക്കിയിട്ട് ഇഗ്‌നേഷ്യസ് അകത്തേക്കു പോയി.
ആ സെക്കന്റിൽ തന്റെ പോക്കറ്റിൽ നിന്ന് ഒരു തടിച്ച കവർ എടുത്ത് ഷാജി ടീപ്പോയുടെ അടിത്തട്ടിലേക്കു വച്ചു.
ഫ്രിഡ്ജിൽ നിന്ന് ഒരുകുപ്പി വെള്ളവുമായി ഇഗ്‌നേഷ്യസ് മടങ്ങിവന്നു.
''താങ്ക്‌സ്."
ഷാജി അതു വാങ്ങി അടപ്പുതുറന്ന് വായിലേക്കു ചരിച്ചു. രണ്ടു കവിൾ കുടിച്ചിട്ട് കുപ്പി അടച്ചുവച്ചു.
അയാൾക്ക് എതിരെ സി.ഐയും ഇരുന്നു.
വെള്ളം ആവശ്യമുണ്ടായിട്ടല്ല ഷാജി അതു വാങ്ങിയതെന്ന് സി.ഐയ്ക്കു തോന്നി.
''ഇനി പറയൂ. നിങ്ങൾ വന്നത് എന്തിനാ?" ഇഗ്‌നേഷ്യസ് അയാളുടെ മുഖത്തേക്കു നോട്ടം നട്ടു.
''പറയാം... സാറിന് വലിയ തിടുക്കമുള്ളതുപോലെ തോന്നുന്നല്ലോ."
ഷാജി ചെങ്ങറ പിന്നെയും ചിരിച്ചു!
(തുടരും)