manju-warrier

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകാൻ മഞ്ജുവാര്യർ കോടതിയിലെത്തി. കേസിലെ പ്രധാന സാക്ഷിയാണ് മഞ്ജു. അഡീഷണൽ സ്പെഷൽ സെഷൻസ് കോടതിയാണ് ഇന്ന് വിസ്തരിക്കുക. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും. നടിയെ ആക്രമിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ മൊഴി നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.

സിദ്ദിഖ് , ബിന്ദു പണിക്കർ എന്നിവരെയും ഇന്ന് വിസ്തരിക്കും. യുവനടിക്ക് പിന്തുണയുമായി കൊച്ചിയിൽ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലാണ് മഞ്ജു ഗൂഢാലോചന ആരോപിച്ചത്. മഞ്ജു ഇക്കാര്യം കോടതിയിൽ ആവർത്തിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. ദിലീപും കാവ്യാമാധവനും തമ്മിലെ ബന്ധം ആക്രമത്തിനിരയായ നടി മഞജുവാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പ്രധാന കാരണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. സംയുക്താവർമ്മ, ഗീതു മോഹൻദാസ്, ശ്രീകുമാർ മേനോൻ എന്നിവരെയും വരും ദിവസങ്ങളിൽ വിസ്തരിക്കും.