ന്യൂഡൽഹി: ഡൽഹി കലാപത്തിൽ ബി.ജെ.പി നേതാവിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് എടുക്കണം എന്നാവശ്യപ്പെട്ട ഡൽഹി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജഡ്ജിയെ സ്ഥലംമാറ്റാനുള്ള നടപടി ലജ്ജാകരമാണെന്നും സങ്കടകരമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അവർ ഈ പ്രതികരണം നടത്തിയത്. നിലവിലെ വ്യവസ്ഥിതി അനുസരിച്ച് ഈ സംഭവം ഞെട്ടിക്കുന്നതിലുപരി, അത് ലജ്ജാകരമാണെന്നും സങ്കടകരമാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
പിൻവലിയാൻ കൂട്ടാക്കാത്ത, ധർമ്മിഷ്ഠമായ ഒരു നീതിപീഠത്തിൽ ലക്ഷക്കണക്കിന് ഇന്ത്യാക്കാർ വിശ്വസിക്കുന്നുണ്ടെന്നും നീതിയുടെ വാ മൂടിക്കെട്ടാനും ജനങ്ങളുടെ വിശ്വാസം നശിപ്പിക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾ അങ്ങേയറ്റം പരിതാപകരമാണെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.
കലാപക്കേസ് പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് ഇന്നലെ രാത്രിയാണ് പുറത്തുവന്നത്. ഇദ്ദേഹത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ജസ്റ്റിസിനെ സ്ഥലം മാറ്റാൻ നേരത്തെ സുപ്രീം കോടതി കൊളീജിയം സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇന്നലെ അർദ്ധരാത്രിയാണ് അസാധാരണമായി കേസിൽ ബെഞ്ച് വാദം കേട്ടത്.
വാദം കേൾക്കുന്നതിനിടെ കലാപക്കേസുകളിൽ ശക്തമായ നിലപാട് സ്വീകരിക്കണം എന്ന് ഡൽഹി പൊലീസിന് ഇദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ കേസെടുക്കണമെന്നും ഇക്കാര്യം കോടതിയെ അറിയിക്കണം എന്നും ജസ്റ്റിസ് എസ്. മുരളീധർ പൊലീസിനോട് നിർദേശിച്ചിരുന്നു. ഇന്ന് കലാപക്കേസുകളിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പൊലീസിനോട് ജഡ്ജി നിർദേശിച്ചിരുന്നു. ഇന്നലെ രാത്രിയോട് കൂടിയാണ് ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയതെന്നത് ശ്രദ്ധേയമാണ്.