ന്യൂഡൽഹി : കൊറോണ ബാധ പടർന്നു പിടിച്ച ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യ മൂന്നാമതും പൗരൻമാരെ രക്ഷപ്പെടുത്തി ഡൽഹിയിലെത്തിച്ചു. ഇന്ത്യക്കാർക്കൊപ്പം മറ്റ് ഏഴു രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാരെയും ഇന്ത്യ രക്ഷപ്പെടുത്തി കൊണ്ടുവന്നിട്ടുണ്ട്. ആകെ 112 പേരെയാണ് വ്യോമസേനയുടെ ഭീമൻ ചരക്കു വിമാനമായ സി17 ഗ്‌ളോബ് മാസ്റ്ററിൽ എത്തിച്ചത്. ഇന്ത്യക്കാർക്ക് പുറമേ ബംഗ്ലാദേശ്, മ്യാൻമർ, മാലി ദ്വീപ്, ദക്ഷിണാഫ്രിക്ക, അമേരിക്ക, മഡഗാസ്‌കർ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരെയാണ് ഡൽഹിയിലേക്കെത്തിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി അറിയിച്ചത് പ്രകാരം ചൈനയ്ക്ക് ആവശ്യമുള്ള മെഡിക്കൽ ഉപകരണവുമായിട്ടാണ് ചരക്കു വിമാനം കഴിഞ്ഞയാഴ്ച ചൈനയിലേക്ക് പറന്നത്. തിരികെ ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യമുള്ള പൗരൻമാരെയും കൊണ്ടുവരാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇന്ത്യൻ സേനാവിമാനത്തിന്റെ മടങ്ങിവരവ് ചൈന മനപൂർവ്വം വൈകിപ്പിക്കുകയായിരുന്നു. നയതന്ത്രതലത്തിൽ ഇന്ത്യയുടെ ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ക്ലിയറൻസ് ലഭിച്ചത്.
ഡൽഹിയിലെത്തിച്ച യാത്രക്കാരെ പതിനാല് ദിവസം സേനയൊരുക്കുന്ന നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ച് കൊറോണയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വിടുകയുള്ളു. മുൻപും രണ്ട് തവണ ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യ പൗരൻമാരെ ഒഴിപ്പിച്ചിരുന്നു. 647 ഇന്ത്യക്കാരെയും ഏഴ് മാലി പൗരൻമാരെയുമാണ് തിരികെ എത്തിച്ചത്. യാത്രാവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു രണ്ടു തവണയും ഇന്ത്യ ദൗത്യം നടത്തിയത്. ഈ മാസം പതിനേഴിനാണ് വ്യോമസേനയുടെ ചരക്ക് വിമാനമുപയോഗിച്ച് ചൈനയിലേക്ക് പ്രത്യേക ദൗത്യം നടത്തുമെന്ന് ഇന്ത്യ അറിയിച്ചത്. ചൈനയ്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു.
അതേസമയം ജപ്പാൻ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാരെയും തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഈ മാസം അഞ്ചുമുതൽ കപ്പൽ ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുകയായിരുന്നു. കപ്പലിൽ 119 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇന്ന് പുലർച്ചെയാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. കൊറോണ ബാധിച്ച് രണ്ടായിരത്തിലേറെ പേർ ചൈനയിൽ മരണപ്പെട്ടിരുന്നു. വാർത്താ മാദ്ധ്യമങ്ങൾക്ക് കർശന നിയന്ത്രണമുള്ള ചൈനയിൽ നിന്നും വിവരങ്ങൾ പുറംലോകം അറിയുന്നതിന് താമസം നേരിടുന്നുണ്ട്. അതേ സമയം ചൈനയ്ക്കു പുറത്തുള്ള രാജ്യങ്ങളിലേക്കും കൊറോണ വൈറസ് പടരുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.