ഇസ്ളാമാബാദ് : ചൈനയിൽ പൊട്ടിപ്പുറപ്പെട്ട് മറ്റ് രാജ്യങ്ങൾക്കും ഭീഷണിയായി തുടരുന്ന കൊറോണ വൈറസ് ബാധ അയൽ രാജ്യമായ പാകിസ്ഥാനിലും ആദ്യമായി റിപ്പോർട്ട് ചെയ്തു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് കൊറോണ ബാധ സിഥിരീകരിച്ചിരിക്കുന്നത്. ഇതിനു പുറമേ മറ്റൊരിടത്തും കൊറോണ ബാധ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. അതേ സമയം പാകിസ്ഥാനിൽ കൊറോണ ബാധ സ്ഥിരീകരിച്ച രണ്ട് പേരും ചൈന സന്ദർശിച്ചിട്ടുള്ളവരല്ല, ഇറാനിൽ നിന്നും പാകിസ്ഥാനിലേക്ക് യാത്ര ചെയ്തവരാണ്. ചൈനയ്ക്കു പുറമേ ഇറാനിലും കൊറോണ ബാധ വ്യാപിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.
അതേസമയം കൊറോണ ബാധിക്കുന്നതിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് പാകിസ്ഥാൻ ആരോഗ്യമന്ത്രി സഫീർ മിർസ അറിയിച്ചു. ക്വറ്റയിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് കൊറോണയെ ചെറുക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്ത് പതിനഞ്ചോളം പേർ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതുവരെ നൂറോളം പേരിൽ നടത്തിയ പരിശോധന ഫലം നെഗറ്റീവായിരുന്നു. തെക്കേ എഷ്യയിൽ ഇന്ത്യയിലും, ശ്രീലങ്കയിലും നേപ്പാളിലും പാകിസ്ഥാന് പുറമേ കൊറോണ സ്ഥിരീകരിച്ചിരുന്നു.
കൊറോണ പടർന്നു പിടിച്ച ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യൻ പൗരൻമാരെ തിരികെ കൊണ്ടുവരാനായി മൂന്ന് പ്രത്യേക ദൗത്യങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയത്. എന്നാൽ ചൈനയിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികളെ നാട്ടിലെത്തിക്കേണ്ട എന്ന നിലപാടായിരുന്നു പാക് പ്രധാനമന്ത്രി കൈക്കൊണ്ടിരുന്നത്. ഇത് ഏറെ വിമർശനങ്ങൾക്കും കാരണമായി.