താരകുടുംബത്തിൽ നിന്നും സിനിമയിലേക്ക് ചുവടുവച്ച നടനാണ് അനു മോഹൻ. ചട്ടമ്പിനാട്, ഓർക്കൂട്ട് ഓർമക്കൂട്ട്, തീവ്രം തുടങ്ങി പുതു ചിത്രമായ അയ്യപ്പനും കോശിയിലും വരെ താരം അഭിനയിച്ചു. സീരിയല്‍-ചലച്ചിത്രതാരം ശോഭാ മോഹന്റെ മകനാണ് അനു. വിനു മോഹന്റെ സഹോദരൻ കൂടിയാണ് താരം. ഇപ്പോഴിതാ താൻ സിനിമയിലേക്കെത്തിയ സന്ദർഭത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മമ്മൂക്കയാണ് തന്നെ സിനിമയിലേക്ക് ക്ഷണിച്ചതെന്ന് അനു മോഹൻ പറയുന്നു.
"ചട്ടമ്പിനാട് എന്ന സിനിമയിൽ നിന്നായിരുന്നു തുടക്കം. ഞാൻ ബാംഗ്ലൂരിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ലീവിന് വീട്ടിലേക്ക് വന്നതാണ്. ട്രിവാൻഡ്രത്തായിരുന്നു ഞങ്ങൾ അന്ന് താമസിച്ചിരുന്നത്. അന്ന് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അമ്മ പളനിയിലാണ് ഷൂട്ടിംഗ് ലൊക്കേഷനിൽ. അച്ഛനും അമ്മയും ചേട്ടനുമൊക്കെ അവിടെയായിരുന്നു. "ചട്ടമ്പിനാടി"ന്റെ ലൊക്കേഷനിൽ. എനിക്ക് ഒരാഴ്ച ലീവ് മാത്രമേ ഉള്ളൂ. അങ്ങോട്ടേക്കൊരു ട്രിപ്പ് അടിക്കാമെന്നു കരുതി കസിനെയും വിളിച്ച് കാറിൽ നേരെ പളനിക്ക് വിട്ടു. അതുവഴി വേറെ എങ്ങോട്ടെങ്കിലും പോകാമെന്ന് പറഞ്ഞിട്ട് ചെന്നു.

ഉച്ചസമയത്താണ് ചെന്നത്. ആന്റോ ചേട്ടൻ വന്നിട്ട് പറഞ്ഞു മമ്മൂക്ക വിളിക്കുന്നുണ്ടെന്ന്. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. എന്നെയോ എന്തിന് എന്ന് ഞാൻ ചോദിച്ചു. അവിടെ ചെന്ന് കുറെ കാര്യങ്ങൾ ചോദിച്ചു. എന്താ പഠിക്കുന്നത് എന്നൊക്കെ. അപ്പഴേക്കും ഷാഫിക്ക വന്നിരുന്നു. എനിക്ക് അപ്പോ ഒന്നും മനസിലായില്ല. പിന്നെയാണ് അവർ പറയുന്നത് സിനിമയിൽ മമ്മൂക്കയുടെ ചെറുപ്പം ചെയ്യാനാണെന്ന്. തിരിച്ചുപോകുന്ന കാര്യമൊക്കെ ചോദിച്ചു. മമ്മൂക്ക പറഞ്ഞു ഇവൻ മതിയെന്ന്. അതും പറഞ്ഞ് ഒരൊറ്റപോക്ക്. അന്ന് ഞാൻ പറ്റില്ല എന്നൊക്കെ. തിരിച്ചുപോകുവാന്ന് പറഞ്ഞു. എനിക്ക് ടെൻഷൻ ആയി. പിന്നെ ഞാൻ ഓക്കെ ചെയ്യാന്ന് പറഞ്ഞു. പെട്ടെന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് ഞാൻ അതിൽ അഭിനയിക്കാമെന്ന് പറഞ്ഞത്. അങ്ങനെയായിരുന്നു സിനിമയിലേക്കുള്ല തുടക്കം"-താരം പറയുന്നു.