അതുല്യപ്രതിഭയായ ഭൗതിക ശാസ്ത്രജ്ഞൻ സർ ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന സി.വി.രാമൻ 'രാമൻ ഇഫക്ട് "ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചത് 1928 ഫെബ്രുവരി 28നാണ്. അദ്ദേഹത്തോടുള്ള ആദരവ് സൂചിപ്പിക്കുന്നതിനായി ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. ഓരോ ദേശീയ ശാസ്ത്രദിനത്തിനും ഓരോ ലക്ഷ്യവും വിഷയവും ഉണ്ടായിരുന്നു. ഈ വർഷം ശാസ്ത്രത്തിൽ സ്ത്രീകളുടെ പങ്ക് എന്നതാണ് മുഖ്യവിഷയം.
ശാസ്ത്ര സാങ്കേതികരംഗത്ത് ഭാരതത്തിന് ഇനിയും മുന്നേറാനുണ്ട്. പലപ്പോഴും ഗവേഷണം ഒരു ജോലിയായി മാറിയിരിക്കുന്നു. കോടിക്കണക്കിന് തുക ഗവേഷണത്തിന് ഭാരതം ചെലവാക്കുന്നു. നല്ല ജേർണലുകൾ ഉണ്ടാവണം. 1932-ൽ രാമൻ പ്രസിദ്ധീകരിച്ച് തുടങ്ങിയ പ്രൊസിഡിംഗ്സ് ഒഫ് ഇന്ത്യൻ അക്കാഡമി ഓഫ് സയൻസ് ആയിരുന്നു ലോകനിലവാരത്തിലുള്ള ആദ്യ ജേർണൽ. പ്രകാശത്തിന്റെ തരംഗവ്യത്യാസം അനുസരിച്ച് ഏത് പദാർത്ഥങ്ങളിൽ നിന്നാണ് പ്രകാശപ്രതിഫലനം ഉണ്ടാവുന്നതെന്ന് വർഷങ്ങൾക്ക് മുമ്പ് കണ്ടുപിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇത്രയും വലിയ കണ്ടുപിടിത്തത്തിന് അക്കാലത്ത് അദ്ദേഹം ഉപയോഗിച്ചത് 200 രൂപയിൽ താഴെയുള്ള ഉപകരണങ്ങളായിരുന്നു എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടാണ് 'ശരിയായ ചോദ്യങ്ങൾക്ക് മുന്നിലേ പ്രകൃതി, രഹസ്യങ്ങളുടെ വാതിൽ തുറക്കൂ" എന്ന് സി.വി. രാമൻ പറഞ്ഞത്.
സി.വി. രാമൻ
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 1888 നവംബർ ഏഴിന് ജനിച്ച സി.വി.രാമൻ പഠിത്തത്തിൽ മിടുക്കനായിരുന്നു. മദ്രാസ് പ്രസിഡൻസി കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം കൽക്കട്ടയിൽ ഡെപ്യൂട്ടി അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചു. 1917-ൽ ജോലി രാജിവച്ച് കൽക്കട്ട യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി നിരവധി കണ്ടുപിടുത്തങ്ങൾ നടത്തി. 1970 നവംബർ 21-ന് ഹൃദയസംബന്ധമായ അസുഖം മൂലം അന്തരിച്ചു. ബാംഗ്ലൂരിൽ ഗവേഷണത്തിനായി അദ്ദേഹം സ്ഥാപിച്ച രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇന്നും ഭാരതത്തിന്റെ അഭിമാനമായി നിൽക്കുന്നു. 1954-ൽ ഭാരതസർക്കാർ ഭാരതരത്നം നൽകി ആദരിച്ചു. പരാജയപ്പെട്ട് തളർന്നവരോടായി അദ്ദേഹം പറഞ്ഞു 'ഞാൻ തന്നെ എന്റെ പരാജയത്തിന്റെ രചയിതാവ്, പരാജയപ്പെടാതെ ഞാൻ എങ്ങനെ പഠിക്കും".
( ലേഖകൻ കോന്നി എസ്.എ.എസ്. എസ്.എൻ.ഡി.പി.യോഗം കോളേജ്, അസിസ്റ്റന്റ് പ്രൊഫസറാണ് മൊബൈൽ: 9946037568 )