കേരളത്തിലെ ഒ.ബി.സി. / മതന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്ര പുരോഗതിക്കായി 1995-ൽ സ്ഥാപിച്ച കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ 25 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.
ഇതുവരെ 5.65 ലക്ഷത്തിൽപ്പരം കുടുംബങ്ങൾക്ക് കോർപറേഷൻ സഹായം നൽകി. ആകെ വായ്പാ വിതരണം 3700 കോടി രൂപ കവിഞ്ഞു. പിന്നിട്ട 25 വർഷം കൊണ്ട് കെ.എസ്.ബി.സി.ഡി.സി സൃഷ്ടിച്ച നിശബ്ദ സാമൂഹിക വിപ്ലവം ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
കുറഞ്ഞ പലിശനിരക്ക്
കുറഞ്ഞ പലിശനിരക്കും ലളിതമായ വ്യവസ്ഥകളുമാണ് കെ.എസ്.ബി.സി.ഡി.സി. വായ്പാ പദ്ധതികളുടെ മുഖമുദ്ര. ആറ് മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ 30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പയും, മൂന്ന് മുതൽ നാല് ശതമാനം വരെ പലിശ നിരക്കിൽ 20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പയും പെൺകുട്ടികളുടെ വിവാഹത്തിന് ആറുശതമാനം പലിശ നിരക്കിൽ രണ്ടുലക്ഷം രൂപ വരെ വിവാഹ വായ്പയും, കുടുംബശ്രീ സി.ഡി.എസുകൾക്ക് 2.50 മുതൽ 3.50 ശതമാനം വരെ പലിശ നിരക്കിൽ രണ്ടുകോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പയും ലഭിക്കും. 13132 വിദ്യാർത്ഥികൾക്ക് 248 കോടി വിദ്യാഭ്യാസ വായ്പയായും 55048 പെൺകുട്ടികളുടെ വിവാഹത്തിന് 574 കോടി രൂപ വിവാഹ വായ്പയായും വിതരണം ചെയ്തിട്ടുണ്ട്.
പുത്തൻ ദിശാബോധം
ഈ സർക്കാർ അധികാരമേറ്റ ശേഷം കോർപറേഷന്റെ പ്രവർത്തനങ്ങൾക്ക് ഒരു പുത്തൻ ദിശാബോധം നൽകാനുള്ള കർമ്മപരിപാടികൾ നടപ്പിലാക്കി. കാൽനൂറ്റാണ്ടു കൊണ്ട് കോർപറേഷൻ വിതരണം ചെയ്ത 3700 കോടി രൂപയിൽ 1700 കോടി രൂപയും ഈ സർക്കാരിന്റെ കാലത്താണ്. ഈ സാമ്പത്തിക വർഷാവസാനത്തോടെ പ്രതിവർഷം 500 കോടി രൂപയിലധികം വായ്പ വിതരണം നടത്തുന്ന സ്ഥാപനമായി കെ.എസ്.ബി.സി.ഡി.സി വളരുകയാണ്.
എന്റെ വീട് ഭവന പദ്ധതി
ഒ.ബി.സി. വിഭാഗത്തിലെ ഭവനരഹിത കുടുംബങ്ങൾക്കായി ആവിഷ്കരിച്ച എന്റെ വീട് ഭവനനിർമ്മാണ വായ്പാ പദ്ധതി ഈ സർക്കാരിന്റെ കാലഘട്ടത്തിലാരംഭിച്ച മികച്ച പദ്ധതികളിലൊന്നാണ്. ഈ പദ്ധതി പ്രകാരം ഭവനനിർമ്മാണത്തിന് 10 ലക്ഷം വരെ വായ്പ അനുവദിക്കും.
നാട്ടിൽ സ്ഥിരതാമസത്തിനെത്തുന്ന പ്രവാസികൾക്കായി നോർക്കാ റൂട്ട്സുമായി ചേർന്ന് രൂപം നൽകിയ വായ്പാ പദ്ധതിയാണ് റീ -ടേൺ. പദ്ധതി പ്രകാരം 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.
കണ്ണമ്പ്രയിൽ ക്രാഫ്റ്റ് വില്ലേജ്
കോർപറേഷൻ ഗുണഭോക്താക്കളുടെ ഉത്പന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനുമായി ഒരു സ്ഥിരം വേദിയൊരുക്കുന്നതിനു ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയിൽ ദേശീയപാതയോട് ചേർന്ന് 5.10 ഏക്കർ സ്ഥലത്ത് ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ക്രാഫ്റ്റ് വില്ലേജ് നടപ്പിലാക്കാൻ സർക്കാർ അനുമതി ലഭ്യമായിട്ടുണ്ട്. കേരളത്തിലെ ക്ഷേമ-ധനകാര്യ കോർപറേഷനുകളിൽ ഒന്നാംസ്ഥാനവും പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏഴാം സ്ഥാനവും കൈവരിക്കാൻ കോർപറേഷന് കഴിഞ്ഞിട്ടുണ്ട്.ഒ.ബി.സി. - മതന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിന് മികച്ച പദ്ധതികളുമായി ഭാവിയിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കാൻ പിന്നാക്ക വിഭാഗ വികസന കോർപറേഷന് കഴിയുമെന്ന് പ്രത്യാശിക്കാം.
( ലേഖകൻ പിന്നാക്ക / പട്ടികജാതി /പട്ടികവർഗ ക്ഷേമം, നിയമം, സാംസ്കാരികം, പാർലമെന്ററികാര്യം വകുപ്പ് മന്ത്രിയാണ് )