മുംബയ്: ഷാരൂഖാനുള്ള ആദരസൂചകമായി ആസ്ട്രേലിയയിലെ ലാ ത്രോബ് സർവകലാശാല ഏർപ്പെടുത്തിയ സ്‌കോളർഷിപ്പ് ലഭിച്ചത് മലയാളി പെൺകുട്ടിക്ക്. തൃശൂർ സ്വദേശിയായ ഗോപിക കൊട്ടൻതറയിൽ ഭാസി 'കിംഗ് ഖാനി'ൽ നിന്നുതന്നെയാണ് ഈ സ്‌കോളർഷിപ്പ് ഏറ്റുവാങ്ങിയത്. മുംബയിൽ വച്ച് നടന്ന ചടങ്ങിലാണ് ഗോപികയ്ക്ക് ഷാറൂഖ് ഖാൻ 95 ലക്ഷം രൂപയുടെ ഈ സ്കോളർഷിപ്പ് സമ്മാനിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി സ്കോളർഷിപ്പിനായി 800 വിദ്യാർത്ഥികൾ അപേക്ഷിച്ചിരുന്നു.
ഇക്കൂട്ടത്തിൽ നിന്നുമാണ് ഗോപികയെ തിരഞ്ഞെടുത്തത്. കാർഷിക മേഖലയിൽ നടത്തിയ പഠനം കണക്കിലെടുത്താണ് ഗോപികയ്ക്ക് സ്‌കോളർഷിപ്പ് ലഭിച്ചത്. സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവർത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ത്രോബ് യൂണിവേഴ്സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്റെ പേരിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യാൻ ആരംഭിച്ചത്.
എന്നാൽ ചടങ്ങിനിടെ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സ്‌കോളർഷിപ്പ് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഷാരൂഖ് ഖാൻ ഗോപികയെ ഒരു കോട്ട് ധരിപ്പിച്ചു. എന്നാൽ ഇതോടെ പെൺകുട്ടിയുടെ തലമുടി കോട്ടിന്റെ അടിയിലായി കുടുങ്ങുകയായിരുന്നു. ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ ഗോപികയുടെ മുടി നേരെയാക്കാൻ സഹായിക്കുകയും കുട്ടിയുടെ കോട്ട് നേരെ പിടിച്ചിടുകയും ചെയ്തു ഷാറൂഖ്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.