ഗുരുവായൂർ : ഗജരത്നം പത്മനാഭന്റെ വിയോഗമറിഞ്ഞുള്ള ദു:ഖത്തിലാണ് ആനപ്രേമികളും വിശ്വാസികളും. കേരളത്തിലെ ഉത്സവ പറമ്പുകളിൽ ഗുരുവായൂർ പത്മനാഭന് പതിനായിരങ്ങളാണ് ആരാധകരായിട്ടുള്ളത്. എന്നാൽ വിശ്വാസികൾ പത്മനാഭനെ കണ്ടിരുന്നത് ഒരു ആനയായിട്ടല്ല ഗുരുവായൂർ കണ്ണന്റെ പ്രതിനിധിയായിട്ടായിരുന്നു. അതിനാൽ തന്നെ എഴുന്നള്ളിപ്പുകളിൽ തിടമ്പേറ്റി നിൽക്കുന്ന പത്മനാഭനെ കണ്ട് തൊഴുതുനിൽക്കുന്നവർ പതിവ് കാഴ്ചയായിരുന്നു. ഗുരുവായൂർ കേശവന്റെയും എൺപതുവർഷം മുമ്പ് ക്ഷേത്രത്തിലുണ്ടായിരുന്ന പഴയ പത്മനാഭന്റെയും പിൻഗാമിയായ പത്മനാഭന് മുഖവിരിവ് അടക്കമുളള ഗജലക്ഷണങ്ങളാണ് ശ്രദ്ധേയനാക്കിയത്. ശാന്തസ്വഭാവിയായ പത്മനാഭന് ക്ഷേത്രാചാരങ്ങളും വ്യക്തമായി അറിയാമായിരുന്നുവെന്ന് ആനപ്രേമികൾ ഓർക്കുന്നു.
തലപ്പൊക്കവും അഴകും മാത്രമല്ല പത്മനാഭനെ പതിനായിരങ്ങളുടെ ആരാധനാപാത്രമാക്കിയത് ചട്ടക്കാരൻ അടുത്തില്ലെങ്കിലും ആരാധകർക്ക് അടുത്ത് ചെല്ലാമെന്നതും പത്മനാഭന്റെ പ്രത്യേകതയാണ്. ഇന്നുവരെ അടുത്ത് ചെന്ന ആരാധകരെ വിരട്ടിയോടിച്ച ചരിത്രം പത്മനാഭനില്ല. ആരാധകർ അടുത്തെത്തിയാൽ ശാന്തനായി നിൽക്കുകയാണ് പതിവ്. ആളുകളുടെ സ്‌നേഹവും ആദരവുമൊക്കെ ഇഷ്ടപ്പെടുന്നതാണ് പത്മനാഭന്റെ പ്രകൃതം. സ്വന്തം പാപ്പാൻമാരോട് മാത്രമാണ് ഇക്കാലയളവിൽ വികൃതി കാട്ടിയിട്ടുള്ളൂവെന്ന് ആനത്താവളത്തിലെ പഴമക്കാർ പറയുന്നു.
ഉറക്കത്തിലുമുണ്ട് പത്മനാഭന് ചില ശീലങ്ങൾ
ഉണർന്നിരിക്കുമ്പോൾ മര്യാദരാമനായ പത്മനാഭന് ഉറക്കത്തിലുമുണ്ട് ചില ശീലങ്ങൾ. അതു സ്വന്തം കെട്ടുതറിയിൽ മാത്രമാണ് എന്നുള്ളതാണ്. പാപ്പാൻമാരാണ് പത്മനാഭന്റെ ഈ ശീലത്തെ കുറിച്ച് പറഞ്ഞത്. അത് ഇപ്രകാരമാണ്.
പത്മനാഭൻ ഉറങ്ങുക സ്വന്തം കെട്ടുതറിയിൽ മാത്രം. കെട്ടുതറിയിൽ നിന്നും മാറി നിൽക്കേണ്ടി വരുന്ന ദിവസങ്ങളിൽ പത്മനാഭൻ ഉറങ്ങുകയില്ല. ആനത്താവളത്തിന്റെ അകത്ത് കിഴക്ക് വടക്ക് ഭാഗത്തായാണ് പത്മനാഭന്റെ കെട്ടുതറി. ഏകദേശം 20 വർഷത്തോളമായി ഇവിടെയാണ് പത്മനാഭന്റെ സ്ഥിരം വാസസ്ഥലം. ഉത്സവങ്ങൾക്ക് എഴുന്നള്ളിപ്പിനായി പോകുമ്പോഴും ആനത്താവളത്തിൽ തന്നെ മറ്റു ഭാഗങ്ങളിൽ തളച്ചാലോ ഉറങ്ങുക പതിവില്ലത്രെ. അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയായി ആനത്താവളത്തിന്റെ കിഴക്ക് ഭാഗത്തെ ഷെഡിലാണ് പത്മനാഭനെ തളയ്ക്കാറ്. ഈ മൂന്ന് ആഴ്ചയിലും കൊമ്പൻ ഉറങ്ങിയിട്ടില്ലെന്ന് പാപ്പാൻമാർ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടോടെ വാശി കാണിക്കാൻ തുടങ്ങിയതിനെ തുടർന്ന് പത്മനാഭന്റെ സ്വന്തം കെട്ടുതറിയിലേക്ക് മാറ്റുകയായിരുന്നു.