തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി ഘടകത്തിൽ പ്രതിസന്ധി രൂക്ഷം. സംസ്ഥാന പ്രസിഡന്റായ കെ. സുരേന്ദ്രന്റെ കീഴിൽ താൻ പദവികൾ ഏറ്റെടുക്കാൻ തയാറല്ലെന്ന് അറിയിച്ച് പാർട്ടി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷുമായുള്ള ചർച്ചയിലും രാധാകൃഷ്ണൻ തന്റെ നിലപാട് ആവർത്തിച്ചിട്ടുണ്ട്. കെ.സുരേന്ദ്രൻ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ശേഷം പി.കെ കൃഷ്ണദാസ് പക്ഷത്തിന്റെ എതിർപ്പ് തുടരുന്ന സാഹചര്യത്തിലാണ് ഈ പരാമർശം വരുന്നത്.
ഇതിനു പിന്നാലെ ജനറൽ സെക്രട്ടറിമാരായി തുടരാൻ താത്പര്യമില്ലെന്ന് കൃഷ്ണദാസും രാധാകൃഷ്ണനും പലതവണ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിന് ഒരു അയവ് വരുത്തുന്നതിനായി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷ് എ.എൻ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ, ഒരു പദവിയും ഏറ്റെടുക്കാതെ തന്നെ താൻ പാർട്ടിയിൽ തുടരാം എന്ന നിലപാടിൽ എ.എൻ രാധാകൃഷ്ണൻ ഉറച്ചുനിൽക്കുകയായിരുന്നു.ദേശീയ നേതൃത്വത്തിന്റെ തീരുമാന പ്രകാരമാണ് സംഘടനാ സെക്രട്ടറി രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്താൻ തുനിഞ്ഞതെന്നാണ് വിവരം.
എന്നാൽ ഈ ചർച്ചയിലും സമവായത്തിലെത്താൻ സാധിച്ചില്ല എന്നത് പാർട്ടിയിൽ പ്രതിസന്ധികൾ തുടരുന്നു എന്നാണ് സൂചന നൽകുന്നത്. കെ. സുരേന്ദ്രനെ പ്രസിഡന്റായി തിരഞ്ഞെടുത്ത രീതി ജനറൽ സെക്രട്ടറിമാരെ വിശ്വാസത്തിലെടുക്കാതെയാണ് എന്നതാണ് നേതാക്കൾ ഉയർത്തുന്ന ആരോപണം. കൃഷ്ണദാസിനെയും രാധാകൃഷ്ണനെയും കൂടാതെ പാർട്ടിയിലെ മറ്റൊരു പ്രമുഖ വ്യക്തിത്വമായ എം.ടി രമേശും സ്ഥാനമേറ്റെടുക്കാൻ തയാറല്ല എന്ന നിലപാടിൽ നിൽക്കുകയാണ്. അതേസമയം, പാർട്ടി നേതാവ് ശോഭാ സുരേന്ദ്രൻ ഇക്കാര്യത്തിൽ കൃത്യമായ ഒരു നിലപാട് അറിയിച്ചിട്ടില്ല.