high-court

കൊച്ചി: സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ തോപ്പുംപടി അരൂജ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സംഭവത്തില്‍ സി.ബി.എസ്.ഇയെ വിമര്‍ശിച്ച് ഹൈക്കോടതി. സി.ബി.എസ്.ഇ എന്തെടുക്കുകയായിരുന്നെന്നും കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും ആവശ്യപ്പെട്ടു. സി.ബി.എസ്.ഇയുടെ മൗനം ലാഭക്കൊതിയന്മാര്‍ മുതലാക്കുകയാണ്. തോന്നിയ പോലെ നാടു മുഴുവന്‍ സ്‌കൂളുകള്‍ അനുവദിക്കുന്നു. പിന്നെ ഒരു അന്വേഷണവും സി.ബി.എ.സ്.ഇ നടത്തുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

കുട്ടികളെ ചൂഷണം ചെയ്യാന്‍ ഇത്തരം സ്‌കൂളുകളെ നിങ്ങള്‍ അനുവദിക്കുകയാണോയെന്നും കോടതി ചോദിച്ചു. സി.ബി.എസ്.ഇ ഇനിയും ഒളിച്ചു കളിക്കാന്‍ നോക്കിയാല്‍ വെറുതേ വിടില്ലെന്നും വിദ്യാര്‍ഥികളുടെ ഭാവിവെച്ച് കളിക്കേണ്ടെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സി.ബി.എസ്.ഇ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും ബോര്‍ഡിന് നല്‍കുന്ന അവസാന താക്കീതാണിതെന്നും കോടതി ഓര്‍മപ്പെടുത്തി.

പ്രശ്‌നപരിഹാരത്തിനായി വിദ്യാര്‍ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ 29 വിദ്യാര്‍ഥികൾക്കാണ് പരീക്ഷ എഴുതാൻ കഴിയാത്തത്. സി.ബി.എസ്.ഇ അംഗീകാരമില്ലാത്ത സ്കൂള്‍ ‍അക്കാര്യം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അറിയിക്കാതിരുന്നതാണ് പ്രശ്നത്തിനു കാരണം.