ഹോം ഇലക്‌ട്രിക്കൽ ശ്രേണിയുടെ കേരളത്തിലെ വളർച്ച ദേശീയ നിരക്കിനേക്കാൾ ഉയരത്തിൽ
കൊച്ചി: ഹോം ഇലക്‌ട്രിക്കൽ ഉത്പന്ന രംഗത്തെ പ്രമുഖരായ ലൂമിനസ് കേരളത്തിൽ പ്രതീക്ഷിക്കുന്നത് വലിയ വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷം (2018-19) കമ്പനിയുടെ മൊത്തം ദേശീയ വില്‌പന 3,400 കോടി രൂപയുടേതായിരുന്നു. ഇതിൽ, പത്തു ശതമാനം കേരളത്തിലാണ്.
വിപണിയിൽ ഒട്ടേറെ വെല്ലുവിളികളുണ്ടെങ്കിലും നടപ്പുവർഷം വില്പന 4,000 കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷയെന്ന് ലൂമിനസ് ഹോം ഇലക്‌ട്രിക്കൽ ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് ജിതേന്ദ്ര അഗർവാൾ പറഞ്ഞു. ഹോം ഇലക്‌ട്രിക്കൽ വിപണി കഴിഞ്ഞവർഷം 25 ശതമാനം വളർച്ച നേടി. കേരളം വളർന്നത് 30 ശതമാനമാണ്.
ഉയർന്ന നഗരവത്കരണമാണ് കേരളത്തിന്റെ കരുത്ത്. കമ്പനിക്ക് 600ലേറെ പട്ടണങ്ങളിലായി കേരളത്തിൽ 2,800ലേറെ ഡീലർമാരുണ്ട്. ഇൻവെർട്ടറുകൾ, ഫാനുകൾ, സ്വിച്ചുകൾ തുടങ്ങിയവയ്ക്ക് കേരളത്തിൽ ഡിമാൻഡേറെയാണ്. എം.സി.ബി സ്വിച്ചുകൾ, പുത്തൻ ഫാനുകൾ തുടങ്ങിയവ വൈകാതെ കമ്പനി വിപണിയിലിറക്കും.
ജൂലായ് മുതൽ സീലിംഗ് ഫാനുകൾക്ക് സ്‌റ്റാർ റേറ്റിംഗ് ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശമുണ്ട്. കമ്പനിയുടെ മിക്ക ഫാനുകളും നിലവിൽ ഈ ശ്രേണിയിലാണ്. മികച്ച ഊർജ്ജക്ഷമതയുള്ള സ്‌റ്റാർ റേറ്റിംഗ് ഫാനുകളിലൂടെ വൈദ്യുതിയിലും നിക്ഷേപത്തിലും വൻ ലാഭം നേടാൻ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
1988ൽ പ്രവർത്തനം ആരംഭിച്ച ലൂമിനസിന്റെ ഉത്പന്നങ്ങൾ 36 രാജ്യങ്ങളിൽ ലഭ്യമാണ്. ഇന്ത്യയിൽ ഏഴ് ഫാക്‌ടറികളും ഉത്പന്നാധിഷ്‌ഠിത ആർ ആൻഡ് ഡി സെന്ററുകളും 6,000ലേറെ ജീവനക്കാരും 80,000ലധികം ഡീലർമാരും കമ്പനിക്കുണ്ട്.