sonia-gandhi

ന്യൂഡൽഹി: ഡൽഹി കലാപ വിഷയത്തിൽ രാഷ്ട്രപതിയെ സന്ദർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും പാർട്ടി നേതാക്കളും. പദവിയോട് നീതി പുലർത്താത്തതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. 34 പേർ മരണത്തിന് ഇരയായിട്ടും അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഈ സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാഴ്ചക്കാരായി നിൽക്കുകയാണെന്നും സോണിയ ഗാന്ധി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ധരിപ്പിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് രാഷ്ട്രപതി ഉറപ്പ് നൽകിയതായി സന്ദർശന ശേഷം സോണിയ ഗാന്ധി അറിയിച്ചു.

'രാജധർമം സംരക്ഷിക്കുന്നതിനായി രാഷ്ട്രപതി അദ്ദേഹത്തിന്റെ അധികാരം വിനിയോഗം ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടു.' മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അറിയിച്ചു. കേന്ദ്ര സർക്കാരും, ഈയിടെ അധികാരത്തിൽ കയറിയ ഡൽഹി സർക്കാരും കലാപങ്ങൾക്ക് പരിഹാരം കാണാതെ നിശബ്ദരായി നിൽക്കുകയാണെന്ന് സോണിയ ഗാന്ധിയും ആരോപിച്ചു. ഭരണഘടനയ്ക്ക് കീഴിൽ ഏറ്റവും വലിയ ഉത്തരവാദിത്തമുള്ളത് രാഷ്ട്രപതിക്കാണെന്നും അദ്ദേഹം സർക്കാരിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആണെന്നും അതനുസരിച്ച് സർക്കാരിന്റെ ഭരണഘടനാ ചുമതലകളെ കുറിച്ച് ഓർമിപ്പിക്കേണ്ടത് രാഷ്ട്രപതിയാണെന്നും കോൺഗ്രസ് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.