നടി സംവൃത സുനിലിന് ആണ്‍കുഞ്ഞ് പിറന്നു. താരം തന്നെയാണ് താന്‍ രണ്ടാമതും അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. മൂത്ത മകന് അഞ്ചു വയസായപ്പോൾ അവന് ലഭിച്ച പിറന്നാൾ സമ്മാനമാണിതെന്നും സംവൃത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. യു.എസില്‍ എഞ്ചിനീയറായ അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും അഗസ്ത്യ എന്നൊരു മകന്‍ കൂടിയുണ്ട്.
ഫെബ്രുവരി 20നായിരുന്നു കുഞ്ഞിന്റെ ജനനം. രുദ്ര എന്നാണ് സംവൃത തന്റെ രണ്ടാമത്തെ മകന് നല്‍കിയ പേര്. 'മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. അവന് ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം തന്നെയാണ് ലഭിച്ചത്. ഒരു കുഞ്ഞ് സഹോദരനെ. രുദ്ര എന്നാണ് പേര്.'-സംവൃത കുറിച്ചു.
ദിലീപിനെ നായികനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 2012 ലായിരുന്നു സംവൃതയും അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. അഖിലുമായുള്ള വിവാഹ ശേഷം വിദേശത്തു താമസമാക്കിയ സംവൃത 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന സിനിമയിലൂടെ മടങ്ങി വരവ് നടത്തിയിരുന്നു.