കൊല്ലം: ചക്കുവരയ്ക്കലിൽ യുവാവ് കുത്തേറ്റ് മരിച്ചതിന്റെ ഞെട്ടൽ മാറിയിട്ടില്ല. അയൽക്കാരും സുഹൃത്തുക്കളുമടക്കം നിമിഷ നേരംകൊണ്ട് ശത്രുക്കളായി മാറുകയും പച്ചജീവനിലേക്ക് കത്തികയറ്റുകയും ചെയ്തതിന്റെ നടുക്കുന്ന ഓർമ്മ. ജീവിതത്തിന്റെ വസന്തകാലം സ്വപ്നം കാണുമ്പോഴാണ് ഡൈനീഷ്യസ് ബാബുവിന്റെ മരണം. എല്ലാവർക്കും നല്ലത് മാത്രം പറയാനുണ്ടായിരുന്ന ചെറുപ്പക്കാരനെ സംഘം ചേർന്ന് അടിച്ചും കുത്തിയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് ചക്കുവരയ്ക്കൽ ഗ്രാമം ഇപ്പോഴും.
ചക്കുവരയ്ക്കൽ താഴത്ത്മലയിൽ ഷൈനി ഭവനിൽ ബാബുവിന്റെയും പൊന്നമ്മയുടെയും മകനായ ഡൈനീഷ്യസ് കഷ്ടപ്പാടുകളോട് മല്ലിട്ടാണ് ജീവിച്ചത്. അച്ഛനും അമ്മയും കശുഅണ്ടി ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. ഇല്ലായ്മകളുടെ നടുവിൽ നിന്ന് വളർന്നതിനാൽ സഹജീവി സ്നേഹം മനസിനൊപ്പം ഇഴുകിച്ചേർന്നിരുന്നു. ചക്കുവരയ്ക്കലിൽ വെൽഡിംഗ് വർക്ക് ഷോപ്പിലെ വെൽഡറായി ജോലി ചെയ്യുമ്പോഴും ഇടതുപക്ഷ ചിന്താഗതിയോടെ പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു. ചെങ്ങമനാട് സ്വദേശി ഷൈനിയുമായി അടുപ്പത്തിലാവുകയും പിന്നീട് വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് ഒന്നിച്ചൊരു ജീവിതം തുടങ്ങിയതുമാണ്.
അന്തിയുറങ്ങാൻ സ്വന്തമായൊരു കൂരയും ഭാര്യയും മകൻ ആരോണുമൊന്നിച്ചുള്ള ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങളുമായിരുന്നു വളരെ നാളുകളായി ആ മനസ് നിറയെ. സാധാരണയിൽ കവിഞ്ഞ അദ്ധ്വാനത്തിലൂടെ മിച്ചംപിടിച്ചതുൾപ്പടെ ചേർത്താണ് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയത്. വെൽഡിംഗ് ജോലി കഴിഞ്ഞ് വീടെത്തിയാൽ മണ്ണും കട്ടയും മറ്റും തലച്ചുമടായി കുന്നിൻമുകളിലെത്തിച്ചാണ് വീടൊരുക്കിയെടുത്തത്. ചെറുതെങ്കിലും അവരുടെ കൊച്ചുകുടുംബത്തിന് തൃപ്തികരമായ വീട്ടിലേക്ക് അച്ഛനെയും അമ്മയെയും കൂട്ടുകയും ചെയ്തു. വിവാഹ നാളുകളിൽ എതിർത്തിരുന്നവരെല്ലാം അടുപ്പത്തിലായതിന്റെ സന്തോഷമായിരുന്നു ആ കൂരനിറയെ. പുതിയ സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നതിനിടയിൽ അപ്രതീക്ഷിതമായിരുന്നു ഡൈനീഷ്യസിന്റെ വിയോഗം. അതുൾക്കൊള്ളുവാൻ ബന്ധുക്കൾക്ക് മാത്രമല്ല, നാട്ടുകാർക്കുമാകുന്നില്ല.
മരണം വന്നവഴി
ചക്കുവരയ്ക്കൽ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവ ദിനമായിരുന്നു ഇക്കഴിഞ്ഞ 21ന്. ക്ഷേത്രത്തിൽ പോയി മടങ്ങിയ ഡൈനീഷ്യസ് ബാബു മൂലപ്പാറ കുന്നിൻ മുകളിലെ വീടിന് സമീപമുള്ള വഴിയിൽ മദ്യപിക്കുന്ന സംഘത്തെ ചോദ്യം ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന ജ്യോതിഷിനെ മുൻ പരിചയമില്ലാത്തതിന്റെ പേരിൽ ചോദ്യം ചെയ്തത് മറ്റുള്ളവർക്ക് ദഹിച്ചില്ല. തന്റെ കൂട്ടുകാരനാണെന്ന് വിഷ്ണു പറഞ്ഞെങ്കിലും അവിടെ നിന്നും പോകാൻ ഡൈനീഷ്യസ് ആവശ്യപ്പെട്ടു. ഇതിന് ശേഷം ക്ഷേത്രത്തിലെ കെട്ടുക്കാഴ്ചയ്ക്ക് പോയ ഡൈനീഷ്യസ് തിരികെ അച്ഛനെയും മകനെയും കൂട്ടി ബൈക്കിൽ വീട്ടിലെത്തി. അവരെ ഇറക്കിയ ശേഷം മടങ്ങിപ്പോയത് വിഷ്ണുവിന്റെ വീടിന് സമീപത്തുകൂടിയാണ്. റോഡിൽവച്ച് വിഷ്ണുവും സംഘവും ബൈക്ക് തടഞ്ഞുനിർത്തി വാക്കേറ്റമുണ്ടായി.
സംഘത്തിലെ മറ്റൊരാളുടെ വീട്ടിൽ കുടുംബ വഴക്ക് ഉണ്ടായപ്പോൾ ഡൈനീഷ്യസിന്റെ ഭാര്യ പൊലീസിൽ വിളിച്ച് പറയുകയും പൊലീസെത്തുകയും ചെയ്ത സംഭവം നേരത്തേ ഉണ്ടായിട്ടുണ്ട്. ഇതിന്റെ വിരോധവും സംഭവ സ്ഥലത്ത് പ്രകടമായി. ചെറിയ തോതിൽ അടിപിടിയുണ്ടായി. അടികൊണ്ട് വീണ ഡൈനീഷ്യസ് വീണ്ടും ക്ഷേത്രത്തിലേക്ക് പോയി. 8.30 ഓടെ തിരികെയെത്തിയത് കടുവയെന്ന് വിളിപ്പേരുള്ള ശ്രീകുമാർ, യോഹന്നാൻകുട്ടി എന്നിവരെയും കൂട്ടിയാണ്. ചക്കുവരയ്ക്കൽ താഴം ജനതാ കാഷ്യു ഫാക്ടറിയ്ക്ക് സമീപത്തുവച്ച് ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടലായി. ഇതിനിടയിലാണ് വിഷ്ണു കഠാരകൊണ്ട് ഡൈനീഷ്യസിനെ കുത്തിവീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്നവർ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പിന്നീട് അക്രമികൾ ഓടി രക്ഷപ്പെട്ടതോടെ ചോരയിൽ കുളിച്ചുകിടന്ന ഡൈനീഷ്യസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കൊലപാതകക്കേസായി
ഡൈനീഷ്യസിനെ കുത്തിയ ദിവസംതന്നെ രാത്രിയിൽ പ്രതികളിൽ ഒരാളായ ചക്കുവരയ്ക്കൽ താഴം തച്ചക്കോട് മേലതിൽ റോബിൻ അലക്സാണ്ടറിനെ (ജോജി-35) കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമത്തിന് കേസെടുത്ത് റോബിനെ റിമാൻഡ് ചെയ്തു. ചക്കുവരയ്ക്കൽ വഴിവിള പുത്തൻവീട്ടിൽ ടോണി (27), കൊട്ടാരക്കര പ്ളാപ്പള്ളി പി.വി നിവാസിൽ ജ്യോതിഷ് (26), ചക്കുവരയ്ക്കൽ തുളസി വിലാസത്തിൽ ബിനു (41) എന്നിവരെ പിന്നീട് കസ്റ്റഡിയിലെടുത്തപ്പോഴേക്കും കേസ് കൊലപാതകമായി മാറിയിരുന്നു. എന്നാൽ, ആ സമയം ഒന്നാം പ്രതി ചക്കുവരയ്ക്കൽ താഴത്ത്മലയിൽ മുല്ലശ്ശേരി വീട്ടിൽ വിഷ്ണുവിനെയും (24) ചക്കുവരയ്ക്കൽ റോസ് ഭവനിൽ ഷിജിൻ അച്ചൻകുഞ്ഞിനെയും (24) കണ്ടെത്താനായിരുന്നില്ല. വിഷ്ണു വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടതായി വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി. ഇതിനിടയിൽ ഷിജിൻ അച്ചൻകുഞ്ഞിനെ അറസ്റ്റ് ചെയ്തു. തനിക്കിനി രക്ഷയില്ലെന്ന് കണ്ട വിഷ്ണു പുനലൂർ മജിസ്ട്രേട്ട് കോടതി 3 ൽ നേരിട്ട് കീഴടങ്ങുകയായിരുന്നു.
ലഹരിയിൽ മയങ്ങി അക്രമങ്ങൾ
ലഹരിയുടെ മയക്കത്തിൽ അടിപിടിയും കത്തിക്കുത്തുമടക്കം അക്രമ സംഭവങ്ങൾ ഏറുന്നു. കൊല്ലം ജില്ലയിൽ രണ്ട് മാസത്തിനിടെ ഇരുപതിലധികം കുത്തുകേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൊലപാതകങ്ങളും ഏറിയിട്ടുണ്ട്. ഉത്സവ സീസണായതിനാൽ അക്രമങ്ങളുടെ തോത് വർദ്ധിച്ചു. പൊലീസ് ജാഗ്രത പുലർത്തുമ്പോഴും അക്രമങ്ങൾക്ക് കുറവ് വരുന്നില്ല. ചെറിയ അടിപിടികൾക്കുപോലും കൊലപാതക ശ്രമത്തിന് കേസെടുത്ത് അമർച്ച വരുത്താനാണ് ഉന്നത പൊലീസ് നിർദ്ദേശം. എന്നാൽ ഇതൊന്നും ഏശുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും പലയിടങ്ങളിലും ആക്രമങ്ങളുണ്ടായി. എല്ലായിടത്തും ലഹരിയാണ് വില്ലനെന്നാണ് നിരീക്ഷണം. ചക്കുവരയ്ക്കലിലും ലഹരി വില്ലനായെന്നാണ് പൊലീസ് കണ്ടെത്തിയത്.