കണ്ണൂർ: തയ്യിലിലെ ഒന്നരവയസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മാതാവ് ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു. വലിയന്നൂർ സ്വദേശി നിധിനെയാണ് കൊലപാത പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും, കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്‍റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്കാണ് നടത്തിയത് എന്നായിരുന്നു നേരത്തെയുള്ള പൊലീസിന്‍റെ നിഗമനം.
എന്നാല്‍ പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യല്ലില്‍ ആണ് കുഞ്ഞിനെ കൊല്ലാന്‍ കാമുകനായ നിധിന്‍ പ്രേരിപ്പിച്ചെന്ന് ശരണ്യ പൊലീസിന് മൊഴി നല്‍കിയത്. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണവും സ്വർണവും ആവശ്യപ്പെട്ടതോടെയാണ് പ്രണവിന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ചതെന്നും യുവതി അന്വേഷണ സംഘത്തോട് പറഞ്ഞു. കുട്ടി കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം രാത്രി ശരണ്യയെ കാണാൻ എത്തിയിരുന്നതായി നിധിൻ അന്വേഷണ സംഘത്തോട് സമ്മതിച്ചു.
ഇക്കഴിഞ്ഞ 17ന് രാവിലെയാണ് ശരണ്യയുടെ മകൻ വിയാനെ കടൽഭിത്തിയിൽ മരിച്ച നിലയിൽ കാണുന്നത്. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതോടെയാണ് ശരണ്യയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് മനസിലായത്.