ന്യൂഡൽഹി: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ സെൽഫ്-മെയ്ഡ് ശതകോടീശ്വര പട്ടം ചൂടി ഓയോ ഹോട്ടൽ സ്ഥാപകൻ റിതേഷ് അഗർവാൾ. ഹുറൂൺ ഗ്ളോബൽ റിച്ച് ലിസ്‌റ്റ് - 2020 പ്രകാരം 24കാരനായ റിതേഷിന്റെ ആസ്‌തി 110 കോടി ഡോളറാണ്. ഏകദേശം 7,800 കോടി രൂപ. അമേരിക്കൻ മീഡിയ താരമായ കൈലീ ജെന്നെറാണ് ഒന്നാംസ്ഥാനത്ത്. 22കാരിയായ ജെന്നറിനും 110 കോടി ഡോളറിന്റെ സമ്പത്തുണ്ട്.
ആകെ 137 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളത്. 2019നെ അപേക്ഷിച്ച് പുതുതായി 33 പേർ പട്ടികയിൽ ഇടംനേടി. 6,700 കോടി ഡോളർ (ഏകദേശം 4.81 ലക്ഷം കോടി രൂപ) ആസ്‌തിയുമായി മുകേഷ് അംബാനിയാണ് ഏറ്റവും വലിയ ഇന്ത്യൻ കോടീശ്വരൻ. ശതകോടീശ്വരന്മാർ ഏറ്റവുമധികമുള്ള ഇന്ത്യൻ നഗരം മുംബയ് ആണ്; 50 പേർ. ബംഗളൂരു (17), അഹമ്മദാബാദ് (12), ഹൈദരാബാദ് (7) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിൽ.