trump

വാഷിംഗ്ടൺ: ഡൽഹിയിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ യു.എസ് പ്രസി‍ഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്‍താവനയെ രൂക്ഷമായി വിമർശിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്ന ബേണി സാൻഡേഴ്സ്. ട്രംപ് ഇന്ത്യയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ഡൽഹിയിൽ കലാപത്തിന് തുടക്കമായത്. കലാപം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന ട്രംപിന്റെ അഭിപ്രായ പ്രകടനം വിവാദം സൃഷ്ടിച്ചിരുന്നു.

20 കോടിയോളം മുസ്ലിങ്ങൾ ഇന്ത്യയെ സ്വന്തം വീടായാണ് കാണുന്നത്. മുസ്ലിം വിരുദ്ധ ആൾക്കൂട്ട ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ധാരാളംപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‍തു. എന്നാൽ ട്രംപ് പറഞ്ഞത് അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ്. മനുഷ്യാവകാശവിരുദ്ധമായ ഇത്തരം പ്രസ്താവനകൾ ട്രംപ് ഭരണാധികാരിയെന്ന നിലയിൽ പരാജയമാണെന്ന് തെളിയിക്കുന്നതാണെന്ന് സാൻഡേഴ്‍സ് പറ‌ഞ്ഞു.

പൗരത്വ നിയമത്തിന്റെ പേരിൽ ഡൽഹിയിൽ അരങ്ങേറുന്ന കലാപങ്ങളെ വിമർശിക്കുന്ന രണ്ടാമത്തെ ഡെമോക്രാറ്റിക് നേതാവാണ് സാൻഡേഴ്‍സ്. പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ രംഗത്തുള്ള എലിസബത്ത് വാറനും യു.എസ് സെനറ്റർമാരും കലാപത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.