കാസർകോട്: പൂക്കാതിരിക്കാൻ ആവാത്ത മാവുകളുടെ കാലം കഴിഞ്ഞെന്ന് തോന്നും നീലേശ്വരം കാർഷിക ഗവേഷണകേന്ദ്രത്തിലെ മാന്തോപ്പ് കണ്ടാൽ. ഒറ്റയെണ്ണം പൂവിട്ടിട്ടില്ല. തുടർച്ചയായ രണ്ടാംവർഷമാണ് ഗവേഷണകേന്ദ്രത്തിന്റെയും തൊട്ടടുത്തുള്ള കാർഷിക കോളേജിന്റെയും പറമ്പിലെ മാവുകൾ പൂക്കാതിരിക്കുന്നത്. പലതരം മാവുകൾകൊണ്ട് സമൃദ്ധമാണിവിടം.
പ്രത്യേക പരിചരണമൊന്നുമില്ലാത്ത നാട്ടിൻപുറങ്ങളിലെ മാവുകളും ഇക്കുറി പതിവ് തെറ്റിച്ച മട്ടാണ്. ഫെബ്രുവരി കഴിയാറായിട്ടും തളിരിടലിന്റെ ലക്ഷണം പോലുമില്ല . നീലേശ്വരം കാർഷിക ഗവേഷണ കേന്ദ്രത്തിലെ 10 ശതമാനം മാവുകൾ പോലും ഇത്തവണ പൂത്തില്ല. ഒന്നാമത്തെ മാങ്ങ വിളവെടുപ്പ് നടത്തേണ്ട സമയമാണ് ഫെബ്രുവരി. പക്ഷേ, വിളവെടുപ്പിന് മാങ്ങയെവിടെ ?
കേരളത്തിലെ ഏറ്റവും വലിയ മാംഗോ സിറ്റി എന്നറിയപ്പെടുന്ന പാലക്കാട് മുതലമടയിലെ സ്ഥിതിയും ഇതുതന്നെ. മാമ്പഴക്കാലം അറിഞ്ഞ മട്ടില്ല മാവുകൾക്ക്. വിളവെടുപ്പ് കാലത്താണ് മുതലമട പൂവിടാനായി കാത്തിരിക്കുന്നത്.
വിദഗ്ദ്ധർ പറയുന്നത്
നവംബർ തൊട്ട് രാത്രി കഠിനമായ തണുപ്പും പകൽ ശക്തമായ വെയിലും ലഭിച്ചാലേ മാവുകൾ പൂക്കുകയുള്ളൂ. ഇക്കുറി നവംബറിൽ തണുപ്പുണ്ടായില്ല. കഴിഞ്ഞവർഷം തൊട്ടാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടുതുടങ്ങിയത്. മാവുകൾ പൂക്കുന്ന 'ബ്രേക്കിംഗ്' സമയത്തുണ്ടാകുന്ന വ്യതിയാനം എല്ലാം നശിപ്പിക്കുകയാണ്.
നീലം, കാലപ്പാടി, ബംഗനപ്പള്ളി, അൽഫോൻസോ, സുവർണരേഖ, മുണ്ടപ്പ, ഹിമയുദ്ദീൻ, സിന്ദൂരം, ബംഗ്ലോര, ലോഡ്, പനിക്കാലോ (ആന്ധ്രാ), കർപ്പൂരം തുടങ്ങി വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം പ്രതീക്ഷിച്ച് നട്ടുപിടിപ്പിച്ച മാവുകൾക്കെല്ലാം ഈ ദുർഗതി വന്നിട്ടുണ്ട്.
''കാലാവസ്ഥയിലെ മാറ്റം മാങ്ങ വിപണിയിൽ ഈ വർഷം വലിയ പ്രതിസന്ധിയുണ്ടാക്കും. പൂവിടുന്ന അപൂർവം മാവുകളിലെ മാങ്ങകൾ വേനൽ മഴ വന്ന് നശിപ്പിക്കുന്ന സ്ഥിതിയുമുണ്ട്. ഇത്രയധികം മാവുകൾ പൂക്കാതിരുന്ന കാലം അടുത്തെങ്ങും ഉണ്ടായിട്ടില്ല-
- പി.വി. സുരേന്ദ്രൻ, ഫാം സൂപ്രണ്ട്,നീ ലേശ്വരം കാർഷിക കോളേജ്