ബീജിംഗ്: ചൈനയിൽ മരണസംഖ്യയ്ക്കും രോഗബാധിതരുടെ എണ്ണത്തിനും ശമനമുണ്ടാകുമ്പോൾ മറ്റ് ലോക രാജ്യങ്ങൾ കോവിഡ് - 19 ഭീഷണിയിൽ. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും വൈറസ് പടരുകയാണ്. കൂടാതെ, ലാറ്റിൻ അമേരിക്കയിലും പാകിസ്ഥാനിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചൈനയ്ക്ക് പുറത്ത് വൈറസ് വ്യാപനം വർദ്ധിച്ചതോടെ രോഗം സ്ഥിരീകരിക്കാത്ത രാജ്യങ്ങളും ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലും ഇറ്റലിയിലും ദക്ഷിണ കൊറിയയിലുമാണ് കൂടുതൽ മരണവും വൈറസ് ബാധയും റിപ്പോർട്ട് ചെയ്‍തത്. ഇറാനിലെ ഇസ്ലാമിക പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയവർക്കാണ് ഗൾഫ് രാജ്യങ്ങളിൽ വൈറസ് പിടിപെട്ടത്. മരണം ഉണ്ടായിട്ടില്ലെങ്കിലും രോഗബാധിതരുടെ എണ്ണം ഗൾഫ് മേഖലകളിൽ വർദ്ധിക്കുകയാണ്.
ചൈനയെക്കാൾ ഗുരുതരമായ സ്ഥിതി ഇപ്പോൾ മറ്റു രാജ്യങ്ങളിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ഗബ്രയെസസ് പറഞ്ഞു. പുതിയ രോഗികളുടെ എണ്ണം ചൈനയിലേതിനെക്കാൾ കൂടുതൽ മറ്റു രാജ്യങ്ങളിലാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച റിപ്പോർട്ട് വന്നിരുന്നു. ചൈനയിൽ 411 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ ലോക രാജ്യങ്ങളിൽ 427പേർക്ക് വൈറസ് ബാധിച്ചു.