കണ്ണൂർ: തയ്യിൽ കടപ്പുറത്ത് ഒന്നര വയസുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യക്ക് പിന്നാലെ ആത്മഹത്യാപ്രേരണാക്കുറ്റംചുമത്തി കാമുകൻ വലിയന്നൂർ സ്വദേശി നിധിനെയും കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റുചെയ്തു.
കുട്ടിയെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചതായി ഭർത്താവ് പ്രണവ് നേരത്തെ പൊലീസിൽ മൊഴി നൽകിയിരുന്നു. ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കാമുകൻ അറസ്റ്റിലായത്.
കുട്ടിയെ കൊലപ്പെടുത്തിയതിന്റെ തലേദിവസം കാമുകനും ശരണ്യയും വീടിന് സമീപത്ത് വച്ച് കണ്ടിരുന്നതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. കേസിൽ നേരത്തെ നിധിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കുട്ടിയെ കൊലപ്പെടുത്താൻ താൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും ആസൂത്രണത്തെക്കുറിച്ച് അറിവില്ലെന്നുമാണ് നിധിൻ പറഞ്ഞിരുന്നത്. എന്നാൽ ഈ മൊഴി കാര്യമാക്കായെടുക്കാതെ അന്വേഷണസംഘം ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി നിധിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
17 മിസ്ഡ് കാളിൽ പിടിച്ച് ...
പൊലീസ് കസ്റ്റഡിയിലായ സമയത്ത് ശരണ്യയുടെ ഫോണിലേക്ക് നിധിന്റെ 17 മിസ്ഡ് കാളുകൾ വന്നിരുന്നു. ശരണ്യയുടെ ഓൺലൈൻ ചാറ്റ് പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രണയബന്ധത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. ശരണ്യ ഗർഭിണിയായിരിക്കെ ഭർത്താവ് പ്രണവ് ഒരു വർഷം ഗൾഫിലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് ഇവരുടെ ദാമ്പത്യത്തിൽ വിള്ളലുകളുണ്ടായതും പ്രണവിന്റെ സുഹൃത്തായ നിധിനുമായി ശരണ്യ അടുക്കുന്നതും. ബാദ്ധ്യത ഇല്ലാതെ കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ കടലോരത്തെ പാറക്കെട്ടിൽ ശരണ്യ എറിഞ്ഞുകൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുകിട്ടിയ ശരണ്യയെ പൊലീസ് നാളെ തിരികെ കോടതിയിൽ ഹാജരാക്കും.