ന്യൂഡൽഹി: കോവിഡ് -19യുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ കുടുങ്ങിയ 112പേരെ ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ ഇന്നലെ രാവിലെ ഡൽഹിയിലെത്തിച്ചു. ചൈനയിലേക്ക് മെഡിക്കൽ സഹായത്തിനായി യാത്ര പുറപ്പെട്ടതാണ് ഈ വിമാനം. ഇതിൽ 76 പേർ ഇന്ത്യക്കാരാണ്. ബാക്കിയുള്ള 36 പേർ
ബംഗ്ലാദേശ്, മ്യാൻമർ, മാലെദ്വീപ്, ദക്ഷിണാഫ്രിക്ക, അമേരിക്ക, മഡഗാസ്‌കർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 112 യാത്രക്കാരെയും നിരീക്ഷണത്തിനായി 14 ദിവസം ഡൽഹിയിലെ ചാവ്‌ല ഐ.ടി.ബി.പി ക്യാമ്പിൽ താമസിപ്പിക്കും. ഫെബ്രുവരി അഞ്ച് മുതൽ ജപ്പാൻ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിലെ 119 ഇന്ത്യക്കാരെയും ഇന്നലെ പുലർച്ചെ എയർഇന്ത്യ വിമാനത്തിൽ കേന്ദ്രസർക്കാർ ഡൽഹിയിലെത്തിച്ചിരുന്നു.