തിരുവനന്തപുരം: പൊലീസിംഗിനെ സ്വകാര്യ വൽക്കരിക്കുക വഴി ആഭ്യന്തര സുരക്ഷയെ മുഖ്യമന്ത്രി
പിണറായി വിജയൻ അപകടത്തിലാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലേഖനത്തിൽ കുറ്റപ്പെടുത്തി.
ക്രമസമാധാനം, സുരക്ഷ എന്നിവ എല്ലാ പൗരൻമാർക്കും ഒരേ പോലെ ഉറപ്പാക്കേണ്ട ഭരണഘടനാ ബാധ്യതയുള്ള സർക്കാർ ,പണമുള്ളവർക്ക് മാത്രമായി സുരക്ഷ വാഗ്ദാനം ചെയ്യുന്ന സിംസ് എന്ന ജനവിരുദ്ധ പദ്ധതി നടപ്പാക്കുകയാണ്. മൂന്ന് വർഷമെങ്കിലും പ്രവൃത്തി പരിചയം വേണമെന്ന നിബന്ധന കാറ്റിൽപ്പറത്തിയാണ് ,തുടങ്ങിയിട്ട് ഒന്നര വർഷം പോലുമാകാത്ത ഗാലക്സോൺ എന്ന കമ്പനിക്ക് ഇതിന്റെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചു കൊടുത്തത്. പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ
രണ്ട് ഡയറക്ടർമാരേയും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം കരിമ്പട്ടികയിൽപ്പെടുത്തിയതാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഭരിച്ച് തുടങ്ങിയ കാലം മുതൽ പുറത്ത് വരുന്ന മിക്ക വാർത്തകളും പൊതു സമൂഹത്തിന് മുന്നിൽ പൊലീസിന്റെയും ആഭ്യന്തര വകുപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ്. പാസ്പോർട്ട് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ കുറ്റകൃത്യങ്ങളുടെയും വിവരം യു.എൽ.ടി.എസ് എന്ന സ്വകാര്യ കമ്പനിക്ക് കൈമാറാൻ തീരുമാനിച്ചതിനെതിരെ പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സർക്കാർ പിൻവലിച്ച് ഉത്തരവിറക്കിയത്.
കേരളത്തിലെ റോഡുകളിലെ ട്രാഫിക് ലംഘനങ്ങൾ കണ്ടുപിടിക്കാനും പിഴയീടാക്കാനും സ്വകാര്യ കമ്പനിക്ക് അനുവാദം നൽകുന്ന 180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതി വിവാദമായപ്പോൾ അതിന് റീ ടെൻഡർ വിളിക്കാനാണ് തീരുമാനിച്ചത്. റീ ടെൻഡറല്ല വേണ്ടത്. പദ്ധതി തന്നെ റദ്ദാക്കണം.
പിണറായി വിജയൻ മുഖ്യമന്ത്രിയും ലോക്നാഥ് ബെഹ്റ ഡി.ജി.പിയുമായ കാലം മുതൽ പൊലീസിലും
ആഭ്യന്തര വകുപ്പിലും നടക്കുന്ന അഴിമതികളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കു വയ്ക്കുന്ന സി.എ.ജി റിപ്പോർട്ട് വായിച്ചു മനസ്സിലാക്കാതെ അക്കൗണ്ടന്റ് ജനറലിനെപ്പോലുള്ള ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കണമെന്ന് ഗുണദോഷിക്കാനും പ്രതിപക്ഷത്തിന് മേൽ കുതിര കയറാനുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ശ്രമം. മുഖ്യമന്ത്രി അറിയാതെ നഗ്നമായ തീവെട്ടിക്കൊള്ളയും പൊലീസിന്റെ സ്വകാര്യവൽക്കരണവും നടക്കുമെന്ന് കരുതാൻ മാത്രം വിഡ്ഡികളല്ല മലയാളികൾ. അത് കൊണ്ടാണ് സി.ബി.ഐയും എൻ.ഐ.എയും അടക്കമുള്ള ദേശീയ ഏജൻസികളുടെ അന്വേഷണവും തിരുത്തൽ നടപടികളും പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു.